rishiraj

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്ക് കൊവിഡ് പടരുന്നുണ്ടെങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. രോഗവ്യാപനം പൂജപ്പുരയിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരും ജീവനക്കാരുമടക്കം 477 പേർക്ക് കൊവി‌ഡ് ബാധിച്ചു. ഇന്നലെ മാത്രം 114പേർക്ക് പോസിറ്റീവായി.

അതേസമയം, ജയിലിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 65 വയസു കഴിഞ്ഞ തടവുകാരെ ശിക്ഷയിൽ ഇളവ് നൽകി മോചിപ്പിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് ജയിൽ വകുപ്പിന്റെ റിപ്പോർട്ട് കിട്ടിയാൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും. ജയിലിലെ രോഗവ്യാപനത്തിൽ ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ശിക്ഷാഇളവ് അനുവദിക്കണമെങ്കിൽ മന്ത്രിസഭ തീരുമാനിക്കണം. തുടർന്ന് ഗവർണറുടെ അംഗീകാരവും വാങ്ങണം. നിലവിൽ 60 കഴിഞ്ഞ 120 തടവുകാർ പൂജപ്പുര സെട്രൽ ജയിലിലുണ്ട്. ഇതിൽ ജീവപര്യന്തം ശിക്ഷ പൂർത്തിയാക്കിയവരും അനുഭവിക്കുന്നവരുമുണ്ട്. ഇതിൽ കൊവിഡ് പോസിറ്റീവായവരെ കിടത്തി ചികിത്സിക്കാൻ കട്ടിൽ പോലുമില്ലാത്ത അവസ്ഥയാണ്. ഇവർക്ക് നൽകുന്ന ചികിത്സകൾക്കും പരിമിതിയുണ്ടെന്ന് അധിക‌ൃതരും വ്യക്തമാക്കുന്നു. രോഗ വ്യാപനം ഉദ്യോഗസ്ഥരിലേക്ക് പടരുന്നത് സുരക്ഷയുടെ കാര്യത്തിലും ആശങ്കയുർത്തുന്നു.