ചെന്നൈ: ഗുണ്ടാപ്പകയുടെ പേരിൽ മൂന്ന് യുവാക്കളെ വെട്ടിക്കൊന്ന് തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ച ഗുണ്ടാ നേതാവിനെ എതിരാളികൾ വെട്ടിക്കൊന്ന് തല അതേസ്ഥലത്ത് പ്രദർശിപ്പിച്ചു. തമിഴ്നാട്ടിലെ തിരുവെളളൂർ ജില്ലയിലാണ് സംഭവം നടന്നത്. പ്രദേശം അടക്കിഭരിച്ചിരുന്ന മാധവൻ എന്നയാളാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജനുവരിയിലാണ് മാധവന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥിയടക്കം മൂന്ന് യുവാക്കളെ ഗുണ്ടകൾ കൊന്നുതളളിയത്. ഒടുങ്ങാത്ത പകയുടെ പ്രതീകമായി മൂവരുടെയും തലവെട്ടിയെടുത്ത് ഗിമടിപൂണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തന്നെ എതിർക്കുന്നവർക്കുളള മുന്നറിയിപ്പെന്ന നിലയിലായിരുന്നു ഇത്. ഇതോടെ ഇയാളെ എതിർക്കാൻ ആരും ധൈര്യപ്പെട്ടില്ല. ജയിലിലായ മാധവൻ അവിടെയിരുന്നാണ് തന്റെ സംഘത്തെ നിയന്ത്രിച്ചിരുന്നത്.
ജാമ്യം കിട്ടി പുറത്തിറങ്ങിയ മാധവൻ കഴിഞ്ഞ ആഴ്ച ഗ്രാമത്തിലെത്തി. ഇതറിഞ്ഞ എതിർസംഘം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാവിലെയാണ് റെയിൽവേ സ്റ്റേഷനുസമീപത്തെ കുറ്റിക്കാട്ടിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടുകിലോമീറ്റർ അകലെ നേരത്തേ മൂന്നുപേരുടെ തല പ്രദർശിപ്പിച്ച അതേ സ്ഥലത്ത് അതേരീതിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാധവന്റെ തല കണ്ടെത്തി.
ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരാണ് കൊല നടത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. കൊലപാതകം ഉൾപ്പടെ പത്തിലധികം കേസുകളിലെ പ്രതിയാണ് മാധവൻ.