gayathri-1
പണ്ഡി​റ്റ് ജസ്‌രാജിനൊപ്പം ഗായത്രി​യും ഭർത്താവ് സി​ത്താ​ർ​ ​വാ​ദ​ക​ൻ​ ​പു​ർ​ബ​യ​ൻ​ ​ചാ​റ്റ​ർ​ജി​യും

പണ്‌ഡിറ്റ് ജസ്‌രാജ് ജിയുടെ വിയോഗം എനിക്കൊരാഘാതമാണ്. കോടിക്കണക്കിന് ഹൃദയങ്ങളെ അദ്ദേഹത്തിന്റെ സംഗീതം സാന്ത്വനിപ്പിച്ചു, ശാന്തിയേകി. സംഗീതത്തിൽ അദ്ദേഹത്തിന്റെ അഗാധ ദർശനം എന്നെപ്പോലെ ഹിന്ദുസ്ഥാനി സംഗീതരംഗത്തുള്ളവർക്ക് നിരന്തരം വഴികാട്ടുന്നു.

വിയോഗം വേദനിപ്പിക്കുന്നെങ്കിലും അദ്ദേഹത്തിന്റ സംഗീതം ഇവിടെ ജീവിക്കുന്നു. വിട നല്‌കുന്നതിനൊപ്പം അദ്ദേഹത്തിന്റെ സംഭാവനകൾക്ക് നന്ദി പറയുന്നു.

സംഗീത രംഗത്ത് ഇതിഹാസമാവുക എന്നാൽ സംഗീതത്തിന്റെ സമസ്തമേഖലയിലും കൈയടക്കമുണ്ടായിരിക്കുക എന്നാണ്.

ലയകാരി,​ രാഗ്‌ധാരി എന്നിവയിലെല്ലാം അദ്ദേഹം ആചാര്യനായിരുന്നു.

തബലയിൽ അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം, ഖയാൽ സംഗീതത്തിൽ അദ്ദേഹത്തിന്റെ കൈയൊപ്പ്...അദ്ദേഹത്തിന്റെ ഭക്തിസംഗീതം...പറയുവാനേറയുണ്ട്. ആ കാലഘട്ടത്തിൽ എടുത്തു പറയേണ്ട പ്രതിഭകൾ മൂന്നുപേരാണ്. പണ്‌ഡിറ്റ് ജസ്‌രാജ് ജി,​ പണ്‌ഡിറ്റ് ഭീം സെൻ ജോഷി,​ കിഷോരി അമോങ്കർ എന്നിവരെയാണ് എനിക്കോർമ്മ വരുന്നത്. രണ്ടുപേർ മുൻപേ കടന്നു പോയല്ലോ. ഇപ്പോൾ ജസ്‌രാജ് ജിയും പോയി.

അദ്ദേഹവുമായുള്ള വ്യക്തി ബന്ധം എനിക്കൊരു ഭാഗ്യമായിരുന്നു. സിത്താർ വാദകൻ പുർബയൻ ചാറ്റർജിയുമായുള്ള വിവാഹശേഷം എന്നെയും അദ്ദേഹത്തെയും ജസ്‌രാജ് ജി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം അത്താഴം കഴിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി.

അദ്ദേഹത്തിനൊപ്പമിരുന്ന സായാഹ്‌നം എനിക്കൊരു സ്വപ്‌നം പോലെയായിരുന്നു. ചെറുപ്പത്തിൽ എത്രയോ സ്‌റ്റേജുകളിൽ അദ്ദേഹത്തെ കണ്ടിരിക്കുന്നു. അദ്ദേഹത്തിനൊപ്പം ചെലവഴിക്കാൻ ലഭിച്ച നിമിഷങ്ങൾ അമൂല്യമായിരുന്നു. അഗാധമായ പാണ്ഡിത്യമുള്ളയാൾ. അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ വളരെ രസകരമാണ്. നർമ്മബോധം അതിശയിപ്പിക്കും. ഒപ്പമിരുന്നാൽ അദ്ദേഹത്തിന്റെ സംഭാഷണം കേട്ട് നമ്മൾ ചിരിച്ചു പോവും. വിവാഹസമ്മാനമായി അദ്ദേഹമെനിക്കൊരു പട്ടുസാരി സമ്മാനിച്ചിരുന്നു. പിന്നീട് മുംബയിലെ വിവിധ സംഗീതസദസുകളിൽ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി ഞങ്ങൾക്ക് വളരെ അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ മകളെ ഇടയ്‌ക്കിടെ കാണാറുണ്ട്. മകൾ ഞങ്ങളുടെ വീട്ടിലേക്ക് വരാറുണ്ട്.

മരണസമയത്ത് അദ്ദേഹം യു.എസിൽ ആയിരുന്നു എന്നത് വളരെ ദു:ഖകരമാണ്. കാരണം മരണസമയത്ത് മകൾക്ക് അദ്ദേഹത്തിനൊപ്പം ഉണ്ടാവാൻ കഴിഞ്ഞില്ല. ഈ ദു:ഖം നിറഞ്ഞ സന്ദർഭത്തിൽ കുടുംബാംഗങ്ങൾക്ക് ദൈവം ശക്തി പകരാൻ പ്രാർത്ഥിക്കുന്നു.