solar-case-saritha

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. സർക്കാരിനെതിരെ ആരോപണങ്ങൾ ഉയരുമ്പോഴെല്ലാം യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കാൻ ഇടതു നേതാക്കൾ ഇപ്പോഴും ഉപയോഗിക്കുന്നത് സോളാർ കേസാണ്. എന്നാൽ കേസ് നാല് വർഷം പൊലീസ് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മുപ്പതിലധികം കേസുകളിൽ ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ഒന്നിൽ പോലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. വിവിധ കോടതികളിൽ ഉണ്ടായിരുന്ന പതിനാറിലധികം കേസുകളാണ് ഇതിനകം പണം നൽകി സരിത ഒത്തുതീർപ്പിലേക്കെത്തിച്ചത്. സർക്കാർ രേഖകൾ പോലും വ്യാജമായുണ്ടാക്കിയ കേസിൽ സർക്കാർ കാട്ടുന്ന നിസംഗതയാണ് കേസ് അന്വേഷണം ഇഴയാൻ കാരണമെന്നാണ് ആക്ഷേപം.

സോളാർ കേസിലെ പ്രതിയായ സരിത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രിമാർക്കുമെതിരെ ഉന്നയിച്ച ലൈംഗിക പരാതികളിലും ഇതുവരെ അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണ വിഷയം തന്നെ ഈ കേസായിരുന്നു. 2018 ഒക്ടോബറിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.

ഇതിനുപിന്നാലെ മുൻ മന്ത്രിമാരായ എ.പി അനിൽകുമാർ, അടൂർപ്രകാശ് എന്നിവർക്കെതിരേയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങൾ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങൾക്കും ശേഷമായിരുന്നു കേസെടുത്തത്. ഇപ്പോഴത്തെ ബി.ജെ.പി നേതാവ് അബ്‌ദുള്ളക്കുട്ടിക്കെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത കേസും അന്വേഷണസംഘത്തിന് കൈമാറി. മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലടക്കം പീഡനം നടന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി.

സർക്കാർ രൂപീകരിച്ച രണ്ട് അന്വേഷണസംഘങ്ങളുടെ തലവന്മാരായ രാജേഷ് ദിവാനും അനിൽകാന്തും കേസെടുക്കാൻ കഴിയില്ലെന്ന് സർക്കാരിനെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഓരോ കേസും ഓരോ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയായിരുന്നു പുതിയ അന്വേഷണം. അനിൽകുമാറിന് എതിരായ കേസിൽ പരാതിക്കാരി ഇതുവരെ ഹാജരായിട്ടില്ല. സാക്ഷികളും സാഹചര്യ തെളിവുകളും ഇതുവരെ ഒത്തുവരാത്തതും അന്വേഷണം വഴിമുട്ടാൻ കാരണമായി. ചില കേസുകളിൽ ഹാജരായ ശേഷം വസ്ത്രങ്ങളടക്കം ഹാജരാക്കമെന്ന് പറഞ്ഞ പരാതിക്കാരി ഇതുവരെ അതൊന്നും ചെയ്‌തിട്ടുമില്ല.