ന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ട് വഴി ലഭിക്കുന്ന പണം ദേശിയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുളള ഹർജികൾ സുപ്രീംകോടതി തളളി. പിഎം കെയേഴ്‌സ് ഫണ്ട് വഴി ശേഖരിക്കുന്ന പണം ചാരിറ്റി ട്രസ്‌റ്റുകൾ വഴി ശേഖരിക്കുന്നതാണെന്നും ഈ പണം ദുരിതാശ്വാസ നിധിയിലേക്ക് എപ്പോൾ വേണമെങ്കിലും സർക്കാരിന് മാറ്റാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത് രണ്ടാമത്തെ തവണയാണ് പിഎം കെയേഴ്‌സിന് എതിരെയുളള ഹർജികൾ സുപ്രീംകോടതി തളളുന്നത്.
കൊവിഡ് പോലെയുളള മഹാമാരികളിൽ നിന്നും ജനങ്ങൾക്ക് ഉടനടി ആശ്വാസമേകാനാണ് മാർച്ച് 28ന് പി.എം. കെയേഴ്സ് ഫണ്ട് ആരംഭിച്ചത്. എന്നാൽ ഇത് സുതാര്യമല്ലെന്നും ഫണ്ടിലേക്ക് ലഭിക്കുന്ന പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ ഇത് കോടതി തളളി. പി.എം. കേയേഴ്സിലേക്ക് വരുന്ന പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാരിന് എപ്പോൾ വേണമെങ്കിലും മാറ്റാമെന്നും അതിന് കോടതി ഉത്തരവിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി അറിയിച്ചു. മുൻപ് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചും പി.എം. കെയേഴ്‌സിനെതിരെയുളള ഹർജി തളളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പി.എം.കെയേഴ്സ് ഫണ്ട് ആരംഭിച്ചത്. ആഭ്യന്തരമന്ത്രി, ധനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരാണ് മറ്റ് അംഗങ്ങൾ. ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1948ലാണ് ദേശീയ ദുരിതാശ്വാസ നിധി ആരംഭിച്ചത്. ഇതിൽ സ്വകാര്യ വ്യക്തികളും ഉൾപ്പെടും.