kerala-psc

തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി പരീക്ഷ രീതി മാറുന്നു. ഇനി മുതൽ രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകൾ നടത്തുക. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ എഴുതുന്ന ആദ്യ പരീക്ഷ സ്ക്രീനിംഗ് ടെസ്റ്റായി കണക്കാക്കും. സ്ക്രീനിംഗ് ടെസ്‌റ്റിൽ നിന്ന് മെറിറ്റുള്ളവരെ കണ്ടുപിടിച്ച് പ്രിലിമിനറി ലിസ്‌റ്റ് തയ്യാറാക്കും. അവരെ ആയിരിക്കും അവസാന പരീക്ഷക്കായി തിരഞ്ഞെടുക്കുക. അവസാന പരീക്ഷയിലെ മാർക്കായിരിക്കും നിയമനത്തിന് സ്വീകരിക്കുന്നതെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ വ്യക്തമാക്കി.

സ്ക്രീനിംഗ് പരീക്ഷയിലെ മാർക്ക് അന്തിമഫലത്തെ ബാധിക്കില്ല. മികവുള്ളവർ മാത്രമേ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. ഗൗരവത്തോടെ പി.എസ്.സി പരീക്ഷയെ സമീപിക്കുന്നവരെ കണ്ടെത്താനാണ് ഈ നീക്കം. അന്തിമ പരീക്ഷ കഴിഞ്ഞുടൻ ഫലം പ്രഖ്യാപിക്കാനും സാധിക്കും. ഡിസംബർ മുതൽ പുതിയ രീതി നടപ്പാക്കും. കൊവിഡ് കാരണം നീട്ടിവച്ച പരീക്ഷകളെല്ലാം പുനരാരംഭിച്ച് കഴിഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഈ പരീക്ഷകൾ നടത്തുക. കൊവിഡ് കാലഘട്ടത്തിലേക്ക് മാത്രമായി ഓൺലൈൻ വെരിഫിക്കേഷൻ നടത്തുമെന്നും കെ.എ.എസ് പ്രാഥമിക പരീക്ഷഫലം ആഗസ്‌റ്റ് 26ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേർ അപേക്ഷിച്ചാൽ അവർക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്ക്രീനിംഗ് ടെസ്റ്റാകും. ഇതിൽ പാസാകുന്ന മികച്ച ഉദ്യോഗാർത്ഥികൾക്കായി രണ്ടാം പരീക്ഷ നടത്തും. രണ്ടാമത്തെ പരീക്ഷയിൽ വിഷയാധിഷ്ഠിതമായ, കൂടുതൽ മികച്ച ചോദ്യങ്ങൾ ഉണ്ടാകും. ഇതിന്റെ മാർക്കാകും അന്തിമറാങ്കിംഗിന്റെ മാനദണ്ഡം. യു.പി.എസ്‍.സി പരീക്ഷയുടെ അടക്കം മാതൃകയിൽ മികച്ച രീതിയിൽ പരീക്ഷാരീതി സമഗ്രമായി മാറ്റുകയാണ്. ഇത് ഇന്നലെ മുതൽ നിലവിൽ വന്നതായും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് കാലത്ത് നടത്തുന്ന ഓൺലൈൻ വെരിഫിക്കേഷനിൽ മറ്റ് ജോലികൾക്കായി ഒരു തവണ പി.എസ്‍.സി രേഖകൾ വെരിഫിക്കേഷൻ നടത്തി രേഖകൾ ഹാജരാക്കിയ ഉദ്യോഗാർത്ഥികൾ വീണ്ടും ഈ രേഖകൾ ഹാജരാക്കി വെരിഫിക്കേഷൻ നടത്തേണ്ടതില്ല. അതല്ലെങ്കിൽ തൊട്ടടുത്തുള്ള ജില്ലാ ആസ്ഥാനങ്ങളിൽ പോയി വെരിഫിക്കേഷൻ നടത്താം. കൊവിഡ് രോഗബാധിതരോ, കണ്ടെയ്ൻമെന്റ് സോണുകളിലോ ഉള്ള ആർക്കെങ്കിലും ഒരു കാരണവശാലും വെരിഫിക്കേഷന് വരാനാകില്ല എന്ന് വ്യക്തമായാൽ ഓൺലൈൻ വഴി വെരിഫിക്കേഷൻ നടത്താം. അവർ എല്ലാ രേഖകളും ഓൺലൈനായി അപ്‍ലോഡ് ചെയ്യണം. അവരെ വീഡിയോ കോൺഫറൻസിംഗ് വഴി കണ്ട് വെരിഫിക്കേഷൻ നടത്തും. എന്നാൽ ഇതും താത്ക്കാലികമാകും. അന്തിമനടപടികൾക്ക് മുമ്പ് ഈ സർട്ടിഫിക്കറ്റുകൾ നേരിട്ട് ഉദ്യോഗാർത്ഥികൾ ഹാജരാക്കിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.