sterlite-plant

ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്ളാന്റ് തുറക്കണമെന്നാവശ്യപ്പെട്ട് മൈനിംഗ് കമ്പനിയായ വേദാന്ത നൽകിയ ഹർജി ഹൈക്കോടതി തളളുകയായിരുന്നു. വേദാന്ത നൽകിയ എല്ലാ ഹർജികളും കോടതി തളളിയിട്ടുണ്ട്.

പ്ളാന്റ് അടച്ചുപൂട്ടാനുളള സർക്കാർ തീരുമാനം വൻ സാമ്പത്തിക പ്രശ്നമുണ്ടാക്കുന്നു എന്നും അതിനാൽ പ്ളാന്റ് തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. അടച്ചിടൽ മൂലം പ്രതിദിനം അഞ്ചുകോടി രൂപയുടെ നഷ്ടം ഉണ്ടാവുമെന്നാണ് കമ്പനിയുടെ അവകാശവാദം.

2018ൽ പ്ളാന്റിനെതിരെ സമരം ചെയ്തവർക്കുനേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാട് സർക്കാർ പ്ളാന്റ് അടച്ചുപൂട്ടിയത്. പ്രദേശത്തെ ജലം മലിനമാക്കുന്നതുൾപ്പടെയുളള കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡും തീരുമാനിച്ചിരുന്നു.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013 ലും പ്ലാന്റ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ വേദാന്ത സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങി. പ്ലാന്റിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങൾ വീണ്ടും ശക്തിയാർജ്ജിച്ചതും പ്രതിഷേധക്കാർക്കുനേരെ വെടിവയ്പ്പുണ്ടായതും.