പഞ്ചേന്ദ്രിയങ്ങൾ വഴി നേടുന്ന വിവരങ്ങളുടെ കലവറയാണ്, അന്തർലീനശക്തിയായ അറിവ്. അറിവിനെ വിവേകപൂർവം നിപുണതയിലേക്ക് പ്രയോഗിച്ച് ആവശ്യമുള്ള ഫലപ്രാപ്തിയുണ്ടാക്കണം. അവയെല്ലാം സമൂഹത്തിന്റെ പുരോഗതിക്ക് ഉപയോഗപ്രദമാകുമ്പോഴാണ് നാം വിജയിക്കുന്നത്. പഠനം, ലക്ഷ്യം, ചിന്താവിശകലനം, ആശയസൃഷ്ടി, ഉദ്ദിഷ്ട ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള പാകപ്പെടുത്തൽ എന്നീ പ്രക്രിയകൾ കടന്നുവേണം വിജയത്തിലെത്തേണ്ടത്.
പഠനത്തിനുള്ള കഴിവാണ് ഏറ്റവും പ്രധാനം. പഞ്ചേന്ദ്രിയങ്ങൾ നമുക്ക് സ്രഷ്ടാവ് തന്ന നിധിയാണ്. അവയുടെ കൂർമതയും സൂക്ഷ്മതയും പരമാവധി കൂട്ടി മനസിനെ പൂർണമായും സ്വായത്തമാക്കി അന്വേഷണത്വരയോടെ വേണം, അറിവുകൾ ശേഖരിച്ചു മുതൽക്കൂട്ടേണ്ടത്. പഠിക്കാനുള്ള കഴിവ് ഒരു നൈസർഗിക വാസനയാണ്. പക്ഷേ, പ്രയത്നം കൊണ്ട് തീർച്ചയായും വർദ്ധിപ്പിക്കാൻ കഴിയും. പുതിയ സാഹചര്യങ്ങൾ, ആശയങ്ങൾ, പ്രവൃത്തിമണ്ഡലങ്ങൾ എന്നിവയുമായുള്ള ഒത്തുചേരൽ കൂടുതൽ പഠിക്കാൻ സഹായിക്കും. പഠനവും അറിവും കൂടുന്തോറും തീരുമാനങ്ങളെടുക്കാൻ എളുപ്പമാകും. പുസ്തകവായന ആനന്ദകരമാക്കണം. ബുദ്ധിപൂർവം രുചിക്കൊത്ത് തിരഞ്ഞെടുക്കണം. ചിലത് രുചിച്ചുനോക്കി മാറ്റിവെക്കാം. മറ്റുചിലത് കുറച്ചുകൂടി ചവച്ചുനോക്കാം. നന്നായി ഇഷ്ടപ്പെട്ടാൽ മുഴുവനും സമയമെടുത്ത് ഉള്ളിലാക്കാം.
പടവുകൾ കയറി ഉയർച്ചയിലേക്ക് പോകുമ്പോഴും ചെയ്തു ശീലിച്ച പ്രാഗത്ഭ്യം നേടിയ തൊഴിലുകൾ മറന്നുപോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇടക്ക് പരിശീലിക്കാൻ സമയം കണ്ടെത്തണം. ചെറിയ ചില ഉദാഹരണങ്ങൾ പറയാം.
ഡ്രൈവറുടെ സേവനം സ്ഥിരമായി ഉണ്ടെങ്കിലും ഇടക്ക് സ്വന്തം കാർ ഓടിക്കാം. പാചകത്തിന് വീട്ടിൽ ആവശ്യത്തിന് ജോലിക്കാർ ഉണ്ടായാലും പഠിച്ച ചേരുവകൾ ചേർത്ത് ഇഷ്ടാഹാരം ഉണ്ടാക്കി ഓർമ്മ പുതുക്കാം. കണക്കുടീച്ചർ ഉയർന്ന് ഉയർന്ന് പ്രിൻസിപ്പലായാലും ഇഷ്ടവിഷയം ഒരു പിരീഡെങ്കിലും കുട്ടികളെ പഠിപ്പിച്ച് സായൂജ്യം നേടാം. കൈപ്പുണ്യം കൊണ്ട് കീർത്തികേട്ട ഒരു ശസ്ത്രക്രിയാ വിദഗ്ധനായ ഡോക്ടർ തന്റെ സ്ഥാപനത്തിന്റെ ഡയറക്ടറായാലും ഒരാഴ്ചയിൽ ഒരു മേജർ ശസ്ത്രക്രിയ ചോദിച്ചുവാങ്ങി ചെയ്യണം. അങ്ങനെ സേവനം ചെയ്യുമ്പോൾ, പഠിച്ച തൊഴിലിനോടുള്ള കൂറും ആദരവുമാണ് നിലനിറുത്തുന്നത്. നാം നേടിയ നൈപുണ്യത്തെ ഇടക്ക് താലോലിച്ച് സജീവമാക്കണം.
വളർച്ചയുടെ അവിഭാജ്യഘടകമാണ് മാറ്റങ്ങൾ. മാറ്റങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. ലോകത്തുള്ള എല്ലാ ശാസ്ത്ര, സാങ്കേതിക, സാമൂഹിക, സാമ്പത്തിക വിഷയങ്ങളിലും നിത്യം നാം കാണുന്ന മാറ്റങ്ങൾ മനസിലാക്കി അതിനെ വേണ്ടവിധത്തിൽ ഉൾക്കൊള്ളാൻ സ്വയം പരുവപ്പെടുത്തണം. പഠിച്ച പഴയ കാര്യങ്ങൾ ഉപയോഗശൂന്യമെന്നു കണ്ടാൽ, മായ്ച്ചുകളഞ്ഞ് അതിനുപകരം പുതിയതിനെ സ്വീകരിക്കണം. പല പഴയ വിദ്യകളും കാലഹരണപ്പെട്ടുപോയി. വാർത്താവിനിമയത്തിലും അച്ചടിയിലും ഫോട്ടോഗ്രാഫിയിലുമൊക്കെ കമ്പ്യൂട്ടർ സഹായത്തോടെയുള്ള വിപ്ലവകരമായ മാറ്റം നാം സ്വീകരിച്ചുകഴിഞ്ഞു.
കർമ്മനിരതർക്ക് തെറ്റുകളും പരാജയങ്ങളും സംഭവിക്കുക സ്വാഭാവികം. എല്ലാ പരാജയങ്ങളും വിലയേറിയ പാഠങ്ങളാണ്- പിഴവുകൾ ഒരിക്കലും ആവർത്തിക്കാതിരുന്നാൽ മാത്രം. മിടുക്കർ സ്വന്തം പരാജയങ്ങളിൽ നിന്നും പഠിക്കും. മിടുമിടുക്കർ മറ്റുള്ളവരുടെ പരാജയങ്ങൾ നോക്കി, കാരണം മനസിലാക്കി സ്വയം തെറ്റുകൾ പറ്റാതിരിക്കാൻ മുൻകരുതലുകൾ എടുക്കും. അവബോധവും അന്തർബോധവും രണ്ടാണ്. പലപ്പോഴായി ഓർമയിൽ ശേഖരിച്ചുവച്ചിരിക്കുന്ന (അവബോധം) അറിവുകളെല്ലാം അത്യാവശ്യ ഉപയോഗത്തിനായി അനുസ്മരിച്ച് വീണ്ടെടുക്കാൻ അന്തർബോധം തയ്യാറായിരിക്കണമെന്നില്ല. അപ്പോഴാണ് കുഞ്ഞു പിഴവുകൾ സംഭവിക്കുന്നത്. സംഭവിച്ച ഉടൻ നാം സ്വയം മനഃസ്താപപ്പെടും. തിളച്ച വെള്ളം നിറഞ്ഞിരിക്കുന്ന പാത്രത്തിൽ പിടിച്ച് കൈ പൊള്ളുന്നതും തിരക്കുള്ള വീഥികൾ ഒരുവശം മാത്രം നോക്കി മുറിച്ചുകടക്കുമ്പോഴുള്ള അപകടവും ഒക്കെ കുഞ്ഞു ഉദാഹരണങ്ങൾ.
ആത്മാർത്ഥമായി മനസുവച്ചാൽ, ഏതു തൊഴിലിലും പടിപടിയായി നൈപുണ്യം നേടി നമുക്ക് വൈദഗ്ദ്ധ്യത്തിന്റെ പാരമ്യതയിലെത്താം. ഉദാഹരണത്തിന് മോട്ടോർ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങുന്നുവെന്ന് കരുതുക. ആദ്യത്തെ ദിവസത്തെ പരിശീലനം കഴിയുമ്പോൾ മനസ് പറയും- ''എന്തു മാത്രമെനിക്കറിയില്ലെന്ന് എനിക്കുപോലുമറിയില്ല."" രണ്ടുമൂന്നു ദിവസത്തെ പരിശീലനം കഴിയുമ്പോൾ തോന്നും- ''എന്തെല്ലാമാണ് അറിയാത്തതെന്ന് ഇപ്പോഴെനിക്കറിയാം."" ഒരാഴ്ചകൂടി ഓടിച്ചു പഠിച്ചുകഴിയുമ്പോൾ അവസ്ഥ മാറും. 'എന്തുമാത്രം എനിക്കറിയാമെന്ന് ഇപ്പോൾ എനിക്കു മനസിലായി. ഈ പരുവത്തിൽ, വലിയ തിരക്കില്ലാത്ത വീഥികളിൽ കൂടി ഒരുവിധം ഓടിക്കാനുള്ള ധൈര്യം നേടും. ഏതു തൊഴിലിലും ഇത്രയും കഴിവ് ആകുമ്പോൾ പലരും തുടർന്നുള്ള പഠനത്തിന് ഉത്സാഹം കാണിക്കാതെ അതേ അവസ്ഥയിൽ ഒരു ശരാശരി ഗുണമേന്മയിൽ കാലങ്ങൾ തള്ളിനീക്കും. പക്ഷേ, അവരാരും തന്റെ നൈപുണ്യത്തിന്റെ ഉത്കൃഷ്ടതയിലെത്തുന്നില്ല. ഒരിക്കലും ഇവിടെവെച്ച് നിറുത്തരുത്. പഠനവും പരിശീലനവും ഒരു ജീവിത തപസ്യ പോലെ തുടരുക. നമ്മുടെ തൊഴിലിൽ ഏറ്റവും ശ്രേഷ്ഠത നേടണം. അപ്പോൾ നാം നാലാമത്തെ പരമോന്നത അവസ്ഥയിലെത്തി മനസ് പറയും- ''എനിക്കു തന്നെയറിയില്ല ഞാൻ എത്ര മിടുക്കനായെന്ന്."" ഈ അവസ്ഥയിൽ നമ്മൾ ചെയ്യുന്ന തൊഴിലുമായി അത്യുന്നതമായ താദാത്മ്യം പ്രാപിച്ചുകഴിഞ്ഞാൽ; നമ്മുടെ ഉള്ളിൽനിന്ന് നാം അറിയാതെ നിർഗളിക്കുന്ന ഒരു പ്രവാഹമായിരിക്കും നമ്മൾ സൃഷ്ടിക്കുന്ന ഉൽകൃഷ്ടമായ പ്രവൃത്തിഫലങ്ങൾ. എനിക്കറിയില്ല ഇതെങ്ങനെ സംഭവിക്കുന്നെന്ന്. ഞാനറിയാതെ എന്നിലെ ആന്തരികശക്തി ചെയ്യിപ്പിക്കുന്നു; ഞാൻ നിർവൃതി നേടുന്നു. ആത്മീയമായ ഉൾക്കാഴ്ച എന്നു പറയാം.
(ലേഖകന്റെ ഫോൺ: 9447176476,
ഇ-മെയിൽ:mcdathan@yahoo.co.in )