sslc

തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ അടച്ച സ്‌കൂളുകൾ ഡിസംബറിൽ തുറക്കാനായാൽ, അടുത്ത ഏപ്രിൽ, മേയ് മാസങ്ങളിലെ മദ്ധ്യവേനൽ അവധി കൂടി ഇക്കൊല്ലത്തെ അദ്ധ്യയനത്തിനും വാർഷിക പരീക്ഷകൾക്കുമായി ക്രമീകരിക്കാൻ സർക്കാർ ആലോചിക്കുന്നു.

ഡിസംബർ മുതൽ ഏപ്രിൽ വരെ ശനിയാഴ്ചകളിൽ ഉൾപ്പെടെ തുടർച്ചയായി അഞ്ച് മാസം സ്‌കൂളിൽ അദ്ധ്യയനം. നിലവിലെ ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി, ബാക്കി പാഠഭാഗങ്ങൾ അതിനകം പരമാവധി പഠിപ്പിച്ചു തീർക്കാം. ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂൾ വാർഷിക പരീക്ഷകൾ മേയ് പകുതിയോടെയും, എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകൾ മേയ് അവസാനത്തോടെയും പൂർത്തിയാക്കാം.

അടുത്ത അദ്ധ്യയന വർഷത്തെ തെല്ലും ബാധിക്കാതെ, ജൂൺ പകുതിയോടെ സ്കൂളുകൾ തുറക്കാനാവും. എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷാഫലം ജൂൺ 15 നകം പ്രസിദ്ധീകരിക്കാനും, ജൂലായിൽ പ്ലസ് വൺ,​ ഡിഗ്രി പ്രവേശനം പൂർത്തിയാക്കാനും കഴിയും. ഇതാണ് സജീവ പരിഗണനയിലുള്ള ഒരു നിർദ്ദേശം.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഓൺലൈനായി ചേരുന്ന സ്കൂൾ കരിക്കുലം കമ്മിറ്റി യോഗം ഇതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പരിശോധിക്കും.

രാജ്യത്തെ സ്കൂളുകൾ ഡിസംബറോടെ തുറക്കണമെന്ന നിലപാടിലാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. പത്ത് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുമ്പോൾ ഇത് എത്രമാത്രം പ്രായോഗികമാവുമെന്ന പ്രശ്നമുണ്ട്. ഏതായാലും, കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനത്തും സ്കൂളുകൾ തുറക്കുന്നതിലും വാർഷിക പരീക്ഷകളുടെ നടത്തിപ്പിലും അന്തിമ തീരുമാനം സാദ്ധമാവൂ.

 സിലബസ് കുറയ്ക്കൽ; തീരുമാനം വൈകും

ജൂൺ ഒന്നിന് ആരംഭിച്ച ഓൺലൈൻ ക്ളാസുകൾ രണ്ടര മാസം പിന്നിട്ടിട്ടും, സിലബസിലെ ശരാശരി ഒരു മാസത്തെ പാഠഭാഗങ്ങൾ പോലും പൂർത്തിയാക്കിയിട്ടില്ല. ഓൺലൈൻ ക്ളാസുകൾ ഡിസംബർ വരെയെങ്കിലും തുടരേണ്ടിവരുന്ന സാഹചര്യത്തിൽ,​ സി.ബി.എസ്.ഇ

മാതൃകയിൽ സംസ്ഥാന സിലബസ് വെട്ടിക്കുറയ്ക്കുന്ന കാര്യവും ചർച്ചാവിഷയമാണ്. സിലബസിന്റെ 30 ശതമാനമാണ് സി.ബി.എസ്.ഇ വെട്ടിക്കുറച്ചത്.

എന്നാൽ, ഇക്കാര്യത്തിൽ കുറേക്കൂടി കാത്തിരുന്ന ശേഷം മതി അന്തിമ തീരുമാനമെന്ന വാദവും ശക്തമാണ്. ഡിസംബറിൽ സ്കൂളുകൾ തുറക്കാനായില്ലെങ്കിൽ സിലബസ് ചുരുക്കൽ പരിഗണിക്കാം.

ഒരു വർഷത്തെ സ്‌കൂൾ സിലബസിന്റെ തുടർച്ചയാണ് അടുത്ത വർഷത്തേത്. പ്രത്യേകിച്ച് എസ്.എസ്.എൽ.സി,​ പ്ലസ് ടു തലത്തിൽ. പാഠഭാഗങ്ങൾ കഴിയുന്നത്ര പഠിപ്പിച്ച ശേഷം, കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ആവശ്യമെങ്കിൽ, അതിൽ ഏതാനും ഭാഗം ഒഴിവാക്കി പരീക്ഷ നടത്താമെന്ന നിർദ്ദേശവും അക്കാഡമിക് വൃത്തങ്ങളിൽ ഉയരുന്നു.