കൊച്ചി: സ്വർണക്കടത്തിൽ ഉന്നതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നതിന് സൂചന ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. സ്വപ്നയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ലൈഫ് മിഷൻ കരാറുകാരനോട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കാണാൻ കോൺസൽ ജനറൽ ആവശ്യപ്പെട്ടതായും എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കി
അതേസമയം, പല ഇടപാടുകളിലും തനിക്ക് കമ്മിഷൻ കിട്ടിയിട്ടുണ്ടെന്ന് സ്വപ്ന കോടതിയിൽ സമ്മതിച്ചു. ലൈഫ് മിഷൻ കരാറുകാരൻ കോൺസൽ ജനറലിന് പണം നൽകിയെന്നും ഈ പണമാണ് കോൺസൽ ജനറൽ തനിക്ക് നൽകിയതെന്നും സ്വപ്ന കോടതിയിൽ വ്യക്തമാക്കി. ഇതാണ് ലോക്കറിൽ നിന്ന് കണ്ടെടുത്തതെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കളളപ്പണമല്ലെങ്കിൽ ലോക്കറിൽ സൂക്ഷിച്ചതെന്തിനായിരുന്നു എന്ന് കോടതി ചോദിക്കുകയും ചെയ്തു. ജാമ്യാപേക്ഷയിൽ ഈ മാസം 21ന് വിധിപറയും.
ഒരുകോടി കമ്മിഷന്റെ വിവരങ്ങളാണ് സ്വപ്ന വെളിപ്പെടുത്തിയതെങ്കിലും അത് നാലുകോടി വരുമെന്നാണ് ഇ.ഡി പറയുന്നത്. വടക്കാഞ്ചേരി പദ്ധതിക്കു പുറമെ യു.എ.ഇ കോൺസുലേറ്റിന്റെ 20 കോടിയുടെ നിർമ്മാണക്കരാറും യൂണിടെക്കിനാണ്. ഇങ്ങനെയാണ് കമ്മിഷൻ നാലുകോടിയായത്. 3.78 കോടിയുടെ കോഴയിടപാട് നടന്നതായും ഇതിലൊരുഭാഗം ദുബായിൽ ദിർഹമായി നൽകിയെന്നും വിവരമുണ്ട്. ആരോപണവിധേയനായ ഒരു പ്രമുഖന് പണം ലഭിച്ചതായും ഇ.ഡിക്ക് വിവരംകിട്ടി. ദുബായിൽ നൽകിയ പണം ഹവാലാമാർഗത്തിൽ കേരളത്തിലെത്തിച്ചിട്ടുണ്ടോയെന്നും ഇത് സ്വർണക്കടത്തിന് ഉപയോഗിച്ചോയെന്നും അന്വേഷിക്കും.