up-crime

മീറ‌റ്റ്: മുഖത്തും കഴുത്തിലും ആഴത്തിൽ മുറിവേ‌റ്റ നിലയിൽ വഴിയരികിൽ വീണുകിടന്ന യുവതിയെ രക്ഷിക്കാതെ ചിത്രങ്ങളെടുത്തും ചോദ്യങ്ങൾ ചോദിച്ചും നാട്ടുകാർ. ഏറെനേരം കഴിഞ്ഞ് പൊലീസ് എത്തിയ ശേഷമാണ് യുവതിക്ക് വേണ്ട ചികിത്സ ലഭിച്ചത്. ഉത്തർപ്രദേശിലെ മീ‌റ‌‌റ്റിലാണ് ഞെട്ടിക്കുന്ന ഈ സംഭവം.

മൂ‌ർച്ചയേറിയ ആയുധം കൊണ്ടുള‌ള വെട്ടേ‌റ്റ് ചോരയൊലിപ്പിച്ച് നിന്ന യുവതിയെ സഹായിക്കാത്ത നാട്ടുകാരുടെ നടപടി വൻ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. പൊലീസ് ആശുപത്രിയിലെത്തിച്ച യുവതിയുടെ നില ഭദ്രമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ സഹോദരനും ബന്ധുവായ മറ്റൊരാൾക്കുമെതിരെ കേസെടുത്തതായി മീറ‌റ്റ് പൊലീസ് അറിയിച്ചു. യുവതിക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നു ഇത് എതിർത്ത സഹോദരനും ബന്ധുവും ആക്രമിക്കുകയായിരുന്നു. ബന്ധുവിനെ പിടികൂടിയതായി പൊലീസ് പറഞ്ഞു.

സംഭവം ഉൾപ്പടെ സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഉത്തർ പ്രദേശിൽ നടക്കുന്ന കു‌റ്റകൃത്യങ്ങൾ നേരിടാൻ എ.ഡി.ജി.പി നയിക്കുന്ന യൂണി‌റ്റ് രൂപീകരിക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാർ അറിയിച്ചു.

അപകടം നേരിട്ടവരെ എത്രയും വേഗം സഹായിക്കണമെന്നും അങ്ങനെ സഹായം ചെയ്യുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാകില്ലെന്നും ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.