തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ പങ്കുളള സർക്കാർ ഉദ്യോഗസ്ഥർ ആരെല്ലാമെന്ന് വിവരം പുറത്ത് വരണം. കേസിൽ ശിവശങ്കരൻ മാത്രമല്ല പ്രതി.സ്വർണക്കടത്തിൽ കൂടുതൽ കാര്യങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്നും ചെന്നിത്തല പറഞ്ഞു.എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ സത്യവാങ്മൂലം ഗൗരവരതരമാണെന്നും ലൈഫ് പദ്ധതിയുമായും സ്വർണകടത്തുമായും ബന്ധപ്പെട്ട് പുറത്ത് വരുന്ന പുതിയ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിവിധ അഴിമതികൾ കാരണം ഈ സർക്കാർ ചീഞ്ഞ് നാറുകയാണ്. സമൂഹവും ജനങ്ങളും സർക്കാരിന്റെ പ്രവർത്തികൾ കാണുന്നുണ്ട്. ലോകത്തെ തൈലങ്ങൾ മുഴുവൻ പുരട്ടിയാലും സർക്കാരിന്റെ ദുർഗന്ധം മാറില്ലെന്നും ഇക്കാരണങ്ങളാലാണ് സർക്കാരിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.