അഖിലേന്ത്യാ പരീക്ഷയിൽ ഉന്നതമാർക്ക് കിട്ടിയപ്പോൾ പാർവതിക്ക് അമിതമായ സന്തോഷമൊന്നും തോന്നിയില്ല. മാതാപിതാക്കൾക്കായിരുന്നു കൂടുതൽ ഉത്സാഹവും ആഹ്ലാദവും. ചില ക്ഷേത്രങ്ങളിൽ അമ്മയും ചില ദേവാലയങ്ങളിൽ അച്ഛനും ചില നേർച്ചകൾ നേർന്നിരുന്നു. ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പേ അതൊക്കെ തീർക്കണം. ദൈവത്തിനൊന്നും കടം വയ്ക്കാൻ പാടില്ലെന്ന പക്ഷക്കാരിയാണ് അമ്മ. അച്ഛൻ പാതി വിശ്വാസിയും പാതി യുക്തിവാദിയും. ബാങ്കുകൾ വരെ വലിയ വലിയ കടങ്ങൾ എഴുതിത്തള്ളുന്നു. പിന്നെയാണോ ദൈവം? അച്ഛന്റെ തമാശകേട്ട് പാർവ്വതിയും സഹോദരനും ചിരിച്ചു.അമ്മയെ ചൊടിപ്പിക്കാനാണ് അച്ഛന്റെ ആ കമന്റെന്ന് അവർക്കറിയാമായിരുന്നു.
കാരണം അച്ഛൻ ഒരു ക്രിസ്ത്യൻ പള്ളിയിലും മുസ്ലീം പള്ളിയിലും ചില നേർച്ചകൾ നേർന്നിട്ടുണ്ടെന്ന് അവർക്കറിയാമായിരുന്നു. പനച്ചിക്കാട്, മൂകാംബിക എന്നിവിടങ്ങളിലേക്കുള്ള യാത്രാപരിപാടി അച്ഛനും അമ്മയും തമ്മിൽ ചർച്ചചെയ്തു. ട്രെയിനിൽ വേണോ, കാറിൽ പോകണോ? എന്തായാലും വാഗ്ദേവതയായ സരസ്വതിയെ ദർശിച്ചിട്ടുവേണം മറ്റെല്ലാ നേർച്ചകളും നടത്താനെന്ന കാര്യത്തിൽ അമ്മ ഉറച്ചുനിന്നു. ദേവീപ്രസാദം കൊണ്ടാണ് ഈ നേട്ടമുണ്ടായത് എന്നും ഓർമ്മിപ്പിച്ചു. ഹരിശ്രീ തുടങ്ങിച്ച ബാലൻ മാഷിനെകണ്ട് ഈ സന്തോഷം പറയണ്ടേ? പാർവതിയുടെ അഭിപ്രായത്തോട് സഹോദരനും യോജിച്ചു. അതല്ലേ ഗുരുത്വം. ഏതിനും ഗുരുത്വം വേണം. ഭൂമിക്കുമുണ്ട് ഗുരുത്വം. ഭൂഗുരുത്വം. ഭൂഗുരുത്വാകർഷണമുള്ളതുകൊണ്ടല്ലേ മഴയും ഫലങ്ങളും മുകളിലോട്ടെറിയുന്നവയും താഴോട്ട് പതിക്കുന്നത്. അച്ഛൻ മുമ്പ് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുമായിരുന്ന ഗുരുത്വാകർഷണവാദത്തെ പാർവ്വതി ഗോളാക്കി. അച്ഛനമ്മമാരുടെ മൗനം അപ്പോഴെങ്കിലും ഉടയുമെന്നായിരുന്നു അവളുടെ കണക്കുകൂട്ടൽ. ബാല്യത്തിൽ പുരാണകഥകളും പ്രസിദ്ധമായ കവിതാശകലങ്ങളും വ്യാഖ്യാനിച്ചത് ബാലൻമാഷായിരുന്നു.
പഠിക്കുന്നതിലും കലാവാസനകളിലും പാർവ്വതി മിടുക്കിയായത് ബാലൻമാസ്റ്റർ ആദ്യാക്ഷരം തുടങ്ങിച്ചതുകൊണ്ടാണെന്ന് മാതാപിതാക്കൾ ഇടയ്ക്കിടെ ആവർത്തിക്കുകയും ചെയ്യുമായിരുന്നു. ബാലൻ മാഷിന്റെ കൊച്ചുവീട് ഒരു സരസ്വതീക്ഷേത്രമാണെന്നാണ് അടുത്തകാലം വരെ അവർ വിശേഷിപ്പിച്ചിരുന്നതും. വളരെ നിസാരമായ ഒരുകാര്യം കേവലമൊരു തെറ്റിദ്ധാരണ അതിൽ പിടിച്ച് വലിയൊരു ആഗോളപ്രശ്നമാക്കിയതിൽ പാർവതിയും സഹോദരനും മാതാപിതാക്കളെ കുറ്റപ്പെടുത്തുമായിരുന്നു. ഒരുവലിയ വിജയം അരികിൽ വന്നിട്ടും അവരുടെ മനസ് വിശാലമായില്ലല്ലോ എന്ന് സഹോദരനോട് ശബ്ദം താഴ്ത്തി പറഞ്ഞത് കേട്ടെങ്കിലും രക്ഷിതാക്കൾ ഒന്നും പറഞ്ഞില്ല.
നേർച്ചകളൊക്കെ നടത്തിയിട്ടും പാർവ്വതിയുടെ മുഖത്ത് വലിയ സന്തോഷം പ്രകടമായില്ല. അതിന്റെ കാരണം മാതാപിതാക്കൾ ഊഹിച്ചു. എന്തായാലും ഞായറാഴ്ച ഒന്നുപോകാം. മനസില്ലാമനസോടെയാണ് അച്ഛൻ സമ്മതം മൂളിയതെങ്കിലും പാർവതി നന്ദി പറഞ്ഞത് ദൈവങ്ങളോടാണ്. വളരെക്കാലത്തിനുശേഷം ബാലൻമാഷിന്റെ വീട്ടിലെത്തുമ്പോൾ അദ്ദേഹം പുരാണം വായിച്ചിരിക്കുകയായിരുന്നു. തൊട്ടരികിൽ തന്നെയുണ്ട് ബൈബിളും ഖുറാനും. പാർവ്വതി നീരുകെട്ടി വീർത്ത മാഷിന്റെ പാദങ്ങളിൽ തൊട്ടുവണങ്ങിയെണീക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ നീർപൊടിഞ്ഞു. അടുത്തയാഴ്ച ഒരുവലിയ ഓപ്പറേഷനുണ്ട്. എന്തായാലും വലിയൊരു സന്തോഷം കിട്ടി. ഇനി ഓപ്പറേഷനെന്തായാലും ഉത്കണ്ഠയില്ല. ഇടറിയ ശബ്ദത്തിൽ മാഷിന്റെ വാക്കുകൾ. മാതാപിതാക്കളറിയാതെ പാർവ്വതി വാങ്ങിവച്ചിരുന്ന മുണ്ടും ഷർട്ടും നൽകുമ്പോൾ കണ്ണുകൾ തുടച്ചത് രക്ഷിതാക്കളായിരുന്നു.
(ഫോൺ: 9946108220)