വരികളിൽ കാല്പനികതയും പ്രണയവും ഭക്തിയും രതിയും ഹാസ്യവും ആവോളം നിറച്ചു എഴുതുന്നതിന്റെ രചനാ നൈപുണ്യമുണ്ട് ആർ.കെ ദാമോദരന്റെ പാട്ടുകൾക്ക്. 3700 പാട്ടുകളെഴുതി, 118 സിനിമകൾക്ക് രചന നിർവഹിച്ചു. നൂറിലധികം ഭക്തിഗാനങ്ങൾ. തീർന്നിട്ടില്ല നാടക ഗാനങ്ങളും രാഷ്ട്രീയ ഗാനങ്ങളും ഒക്കെ വേറെയുമുണ്ട്. 'ഹസ്ബി റബ്ബി സല്ലള്ളാ " എന്ന ഒറ്റ പാട്ട് മതി ആർ.കെ ദാമോദരനെ മലയാളികൾക്ക് പെട്ടെന്ന് മനസിലാകാൻ. കെ. കരുണാകരനും ഉമ്മൻചാണ്ടിക്കും കെ.എം മാണിക്കും വേണ്ടി പാട്ടെഴുതിയാണ് ആർ.കെ രാഷ്ട്രീയരംഗത്ത് പ്രശസ്തനായത്. 1978ൽ പുറത്തിറങ്ങിയ രാജു റഹീം എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നിർവഹിച്ചത്. ഈ ചിത്രത്തിലെ 'രവിവർമ്മ ചിത്രത്തിൻ രതിഭാവമേ..." എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു. എം.കെ. അർജുനൻ ഈണം പകർന്ന ഈ ഗാനം ആലപിച്ചത് യേശുദാസാണ്. രവിവർമ്മ ചിത്രത്തിൻ രതിഭാവമേ, സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ,താളം തെറ്റിയ താരാട്ട്, ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ ചലച്ചിത്രഗാനങ്ങളാണ്.
ഭക്തിഗാനങ്ങളിലൂടെയാണ് ആർ.കെ കൂടുതൽ അറിയപ്പെട്ടത്. 1980ൽ പുറത്തിറങ്ങിയ ഹരിശ്രീ പ്രസാദം എന്ന ആൽബത്തിനുവേണ്ടിയാണ് അദ്ദേഹം ആദ്യമായി ഭക്തിഗാനങ്ങൾ എഴുതിയത്. ഈ ആൽബം അക്കാലത്ത് വൻ ഹിറ്റായിരുന്നു. തുടർന്ന് 300ഓളം ആൽബങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവഹിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പഭക്തിഗാനങ്ങളാണ് രചിച്ചിട്ടുള്ളത്. ദാമോദരൻ-രാധാകൃഷ്ണൻ സഖ്യത്തിന്റേതു മാത്രമായി ഏകദേശം മുപ്പതിനടുത്ത് ആൽബങ്ങളുണ്ട്. കേരള സ്കൂൾ കലോത്സവം അടക്കം നിരവധി പരിപാടികളിൽ പാടാൻ വേണ്ടിയും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടു. കൂടാതെ, ഇന്ത്യൻ ക്രിക്കറ്റ്, ഫുട്ബോൾ ടീമുകൾക്കുവേണ്ടിയും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അധുനാതനം, കഥാ രാവണീയം എന്നീ രണ്ട് കാവ്യസമാഹാരങ്ങൾ ആർ. കെ. ദാമോദരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മേ നാരായണ, അരവണ മധുരം എന്നിവ ആർ.കെ. യുടെ ഗാനസമാഹാര ഗ്രന്ഥങ്ങളാണ്. 67ാം പിറന്നാൾ നിറവിൽ നാലുപതിറ്റാണ്ടിനിപ്പുറം കടന്നുവന്ന വഴികളെയും സിനിമാഗാനങ്ങളെയും ചലച്ചിത്രഗാനരംഗത്തെ പുതുതലമുറയെയും കുറിച്ച് മനസ് തുറക്കുകയാണ് ആർ. കെ.ദാമോദരൻ.
നാലുകൊല്ലമായി സിനിമയിൽ പാട്ടെഴുതാത്തതിനെക്കുറിച്ച് ?
നാടക ഗാനങ്ങൾ ഇഷ്ടം പോലെ എഴുതുന്നുണ്ട്. കോളേജ്, സ്കൂൾ കലോത്സവ ഗാനങ്ങൾ എഴുതുന്നു. ഇവയ്ക്ക് ഒന്നാം സ്ഥാനം കിട്ടുന്നുണ്ട്. ആകാശവാണിക്ക് വേണ്ടിയും നിരന്തരം പാട്ടെഴുതുന്നുണ്ട്. സിനിമാപാട്ടെഴുത്ത് ഒരു പണിയല്ലല്ലോ. പാട്ട് അല്ലെങ്കിൽ കവിത. അതിന് വ്യാപാരിക്കുന്നതിന് ഇഷ്ടം പോലെ ഇടങ്ങളുണ്ട്. സിനിമയൊക്കെ ഒരുതരം തട്ടിപ്പായി മാറി. എനിക്ക് വിലക്ക് കല്പിച്ചിട്ടുണ്ട്. ഞാൻ വിനയന്റെ പടത്തിന് എഴുതി എന്നാണ് ഇവർ പറയുന്നത്. അപ്പോൾ വിനയന് വിലക്കുണ്ടായി. അദ്ദേഹത്തിന്റെ സിനിമക്ക് എഴുതിയതിന് എനിക്കും വിലക്ക്. വിചിത്രമാണ് ഈ നിലപാട്. സിനിമയിൽ പാട്ടെഴുതിയില്ലെങ്കിൽ എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ല. ഞാൻ എഴുതിയില്ല എന്നത് കൊണ്ട് മലയാള സിനിമക്കും നഷ്ടമില്ല, എനിക്കുമില്ല.
സിനിമയിലെ പുതിയ പ്രവണത എങ്ങിനെ കാണുന്നു?
തിലകൻ ചേട്ടനെ പോലുള്ള വലിയ സിനിമാക്കാരനെ പുറത്ത് നിർത്തിയവരല്ലേ ഈ സംഘടനക്കാർ. എഴുത്തുകാരനോ സാഹിത്യകാരനോ ഇമ്മാതിരി സംഘടനയുടെ ആവശ്യം എന്താണ്. എന്റെ സർഗാത്മകതയ്ക്ക് പലപല മേഖലകളുണ്ട്. അതിൽ ഒന്ന് മാത്രമാണ് സിനിമ. ഞാൻ ഒരുകാലത്തും സിനിമാക്കാരനായി നടന്നിട്ടില്ല. സിനിമയിൽ വലിയ കോക്കസുണ്ട്. പിന്നെ വലിയൊരു ലോബിയോട് നമ്മൾ ഏറ്റുമുട്ടണം. സാറെ, ഏമാനെ എന്ന് വിളിച്ചു പലരുടെയും പിറകെ നടക്കണം. എങ്കിലേ എത്ര നല്ല പാട്ടെഴുതിയാലും എടുക്കുകയുള്ളൂ. 'മണിയടി" ശീലമില്ലാത്തതിനാൽ അതിൽ നമ്മൾ പരാജയപെട്ടുപോകും. എല്ലാ നല്ല കലാകാരന്മാരുടെയും എഴുത്തുകാരുടെയും സ്ഥിതി ഇതുതന്നെയാണ്.
സിനിമയിലെ പാട്ടുകളെ കുറിച്ച് ?
ഭാഷയ്ക്കപ്പുറം സിനിമയിൽ പാട്ടും ദൃശ്യങ്ങളും തമ്മിൽ ബന്ധമില്ലാതെയായി. യുവതലമുറയ്ക്ക് ഇതാണ് ഇഷ്ടം എന്ന് വിലക്കുറച്ചുകാണുന്നതിന്റെ കൂടി കുഴപ്പമാണ്. 1977 നവംബർ മൂന്നാം തീയതി ബുധനാഴ്ചയാണ് എന്റെ ആദ്യത്തെ പാട്ട് 'രവിവർമ്മ ചിത്രം" റിക്കാർഡ് ചെയ്യുന്നത്. 44 വർഷമായിട്ടുണ്ട്. ഇതിനിടയിൽ ദുരനുഭവങ്ങൾ ഒട്ടേറെയുണ്ട്. ചിലത് തുറന്നുപറയാൻ മടിയുമില്ല. പാട്ടെഴുത്തിനപ്പുറം വാദ്യകലാനിരൂപകനായും പ്രഭാഷകനായും പത്രപ്രവർത്തകനായും കഴിഞ്ഞ നാളുകളുടെ സന്തോഷമാണ് എന്റെ സമ്പാദ്യം.
ഭക്തിഗാനങ്ങളിലേക്കുള്ള ചുവടുമാറ്റം?
'രവിവർമ്മ ചിത്രം.." എഴുതിയപ്പോൾ തന്നെ നല്ല രീതിയിൽ മലയാളികൾ എന്നെ സ്വീകരിച്ചു. ഏറെ അഭിനന്ദനം ആസ്വാദകർ നൽകി. ഞാൻ അന്ന് ചെറുപ്പമായിരുന്നു. കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ പാട്ടെഴുതി പ്രശസ്തരായവർ മലയാള സിനിമയിൽ ആരുമില്ല. സിനിമാക്കാരെ മടുത്തപ്പോൾ ഇവന്മാരുടെ പിറകെ നടക്കേണ്ടല്ലോ എന്ന് കരുതി തന്നെയാണ് ഭക്തിഗാനങ്ങൾ എഴുതി തുടങ്ങിയത്. ഭക്തിഗാനത്തിലാണ് ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ഗാനങ്ങൾ പാടിയിട്ടുണ്ട്. അയ്യപ്പ ഗാനത്തിൽ വാവർ സ്വാമിയെ കൂടാതെ കൊച്ചുതൊമ്മൻ സ്വാമിയുണ്ട് എന്ന ചരിത്രം ഉൾപ്പെടുത്തി ഏക ക്രിസ്ത്യൻ അയ്യപ്പ ഗാനവും എഴുതിയിട്ടുണ്ട്. യേശുദാസ്, ദേവരാജൻ മാഷ്, അർജുനൻ മാഷ് തുടങ്ങിയവരെ പോലുള്ള സംഗീതജ്ഞരുടെ കൂടെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതിലും വലിയ ആളുകളെയൊന്നും സിനിമയിൽ കണ്ടിട്ടില്ല. കൊട്ടും പാട്ടും താളവും ഞങ്ങൾ പാലക്കാടുകാരുടെ സ്വന്തമാണ്. സംഗീതത്തിന്റെ വിളനിലമാണ് എന്റെ ഗ്രാമം. പാരമ്പര്യമുള്ള മണ്ണിൽ പിറക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം.
പുതിയ എഴുത്തുകൾ ?
'ഞാൻ എന്ന ഗാനം " ആ പേരിൽ ഒരു ഗാനസമാഹാരം ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. തൃശൂർ പൂരത്തിന്റെ കമന്ററി പറഞ്ഞ അനുഭവത്തിൽ 'പൂരം "എന്ന പേരിൽ ഒരു പുസ്തകവും ഇറക്കുന്നുണ്ട്. പാലക്കാട് വെച്ച് കൊട്ടും പഠിച്ചിട്ടുണ്ട്. പൂരത്തിന്റെ ചരിത്രം, ഐതിഹ്യം, വെടിക്കെട്ട് തുടങ്ങി മുഴുവൻ വിവരങ്ങളും അതിലുണ്ടാകും.
യേശുദാസുമായുള്ള ബന്ധം?
ദാസേട്ടനുമായി എനിക്കുള്ളത് ഒരു ഗായകനോടുള്ള ബന്ധമല്ല. വ്യക്തിപരമായ ആത്മബന്ധമാണ്. അത്രയ്ക്ക് അടുപ്പമുണ്ട്. എല്ലാകാര്യവും പരസ്പരം സംസാരിച്ചതിന് ശേഷം മാത്രമേ ചെയ്യാറുള്ളൂ. ഒരു പുസ്തകം വാങ്ങിക്കാൻ പോലും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ട്. കഴിഞ്ഞ മാസമായിരുന്നു അദ്ദേഹത്തിന്റെ വിവാഹ വാർഷികം. രണ്ടര മണിക്കൂർ ആണ് ദാസേട്ടനും ഞാനും സംസാരിച്ചത്. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും സംസാരിക്കും. യേശുദാസും കാഞ്ഞങ്ങാട് രാമചന്ദ്രനും തമ്മിലുണ്ടായിരുന്ന പിണക്കത്തിന്റെ മഞ്ഞുരുക്കാൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ വി വി പ്രഭാകരൻ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മദ്ധ്യസ്ഥത വഹിച്ചിരുന്നു. അങ്ങനെയാണ് 2000 മുതൽ ദാസേട്ടന്റെ പിറന്നാൾ ദിനത്തിൽ രാമചന്ദ്രൻ കൊല്ലൂരിൽ സംഗീതാർച്ചന നടത്തിവരുന്നത്.
കുടുംബം?
രാജലക്ഷ്മിയാണ് ഭാര്യ. മകൾ അനഘ വിവാഹം കഴിഞ്ഞു ബഹ്റിനിലാണ്. ഒരു പേരക്കുട്ടിയുണ്ട്.