thrissur-spirit

തൃശൂർ : തൃശൂരിന് അടുത്ത് ആമ്പല്ലൂരിൽ വൻ സ്‌പിരിറ്റ് വേട്ട. വീടിനുള്ളിൽ സുക്ഷിച്ചിരുന്ന 2450 ലിറ്റർ സ്‌പിരിറ്ര് പിടികൂടി. ഇന്നലെ ഉച്ചയോടെ എക്‌സൈസ് മന്ത്രിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച തിരുവനന്തപുരത്ത് നിന്നുള്ള സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ എക്‌സൈസ് സംഘം കസറ്റഡിയിലെടുത്തിട്ടുണ്ട്.

രഞ്ജിത്ത് (38), ദയാനന്ദൻ(56),ജെയിംസ്(56) എന്നിവരെയാണ് പിടികൂടിയത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രഞ്ജിത്തിന്റെ വീട്ടിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. 70 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇവിടെ രഞ്ജിത്തും അമ്മൂമയുമാണ് ഉണ്ടായിരുന്നത്. സ്പിരിറ്റുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം ഇന്നലെ മുതൽ ഇവിടെ ക്യാമ്പ് ചെയ്ത് നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞിട്ടുള്ളത്.

എവിടെ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് അന്വേഷിച്ച് വരികയാണ്. പിടിയിലായവരിൽ ദയാനന്ദനും ജെയിംസും സ്പിരിറ്റ് കടത്ത് ഉൾപ്പടെ വിവിധ കേസുകളിൽ പ്രതികളാണ്. സ്‌ക്വാഡ് സി.ഐ. അനികുമാർ, ഉദ്യോഗസ്ഥരായ കൃഷ്ണകുമാർ, കെ.വി വിനോദ്, മുകേഷ്, മധുസുധനൻ നായർ, സെന്തിൽ, സുബിൻ, ഷംനാദ് എന്നിവടരങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. ഒരു വർഷം മുമ്പാണ് മന്ത്രി ടി.പി രാമകൃഷ്ണന്റെ മേൽനോട്ടത്തിൽ സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചത്. ഇതിനിടയിൽ സംസ്ഥാനത്ത് പല ജില്ലകളിൽ നിന്ന് കഞ്ചാവ്, സ്പിരിറ്റ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തിരുന്നു.