തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ ഒരു ദിവസം 50 കൊവിഡ് കേസുകളെങ്കിലും രജിസ്റ്റർ ചെയ്യണമെന്ന് ക്വാട്ട നൽകിയതിനെതിരെ സേനയിൽ അമർഷം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുക, കൂട്ടംകൂടുക തുടങ്ങിയ കാര്യങ്ങൾക്ക് കേസെടുക്കുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥർ ക്വാട്ട നിശ്ചയിച്ചു നൽകിയത്. ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്യുന്നതിനിടയിൽ ക്വാട്ട നിശ്ചയിച്ച് നൽകിയത് സേനയിൽ രോഗം പകരാനിടയാക്കുമെന്നാണ് പൊലീസുകാരുടെ വാദം. കൊവിഡ് രോഗികളുടെ കണക്കെടുപ്പും ക്വാറന്റീനിലാണെന്ന് ഉറപ്പാക്കലുമെല്ലാം പൊലീസിന്റെ ഉത്തരവാദിത്തമാണ്.
കൊവിഡ് നിയന്ത്രണത്തിനായി തുടക്കം മുതൽ പ്രവർത്തിക്കുന്ന പൊലീസിന് ഇപ്പോഴത്തെ ജോലി ഭാരം താങ്ങാനാകാത്തതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഡി.വൈ.എസ്.പി തലം മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർക്കാണ് ജോലി കൂടുതൽ. കൊവിഡ് രോഗികളുടെ കണക്കെടുപ്പും ക്വാറന്റീനിലുള്ളവരെ നീരിക്ഷിക്കലുമാണ് പ്രധാന ചുമതല. കൊവിഡ് കണക്കെടുപ്പിനായി ആരോഗ്യകേന്ദ്രങ്ങൾ സന്ദർശിക്കണം, ഹെൽത്ത് ഇൻസ്പെക്ടർമാർ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി രോഗവ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തണം, രണ്ടു മണിക്കൂർ ഇടവിട്ട് കൊവിഡ് കൺട്രോൾ റൂമിൽ രോഗികളെക്കുറിച്ചുള്ള റിപ്പോർട്ട് നൽകണം എന്നിവയെല്ലാം പൊലീസിന്റെ ചുമതലയാണ്. രോഗികളുമായി പ്രൈമറി, സെക്കൻഡറി കോണ്ടാക്റ്റുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാണെന്ന് ഉറപ്പാക്കുകയും വേണം. ഇതിനിടയിലാണ് നിയമം ലംഘിക്കുന്നവരെ പിടികൂടി 50 കേസുകൾ രജിസ്റ്റർ ചെയ്യേണ്ടത്.
50 വയസുകഴിഞ്ഞ ഉദ്യോഗസ്ഥരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡി.ജി.പിയുടെ ഉത്തരവുണ്ടെങ്കിലും നടപ്പിലായിട്ടില്ലെന്നു ഉദ്യോഗസ്ഥർ പറയുന്നു. 50 വയസുകഴിഞ്ഞവരെ മാറ്റി നിർത്തിയാൽ പല സ്റ്റേഷനുകളിലും ജോലിക്ക് ആളെ കിട്ടാതാകും. ജനങ്ങളുമായി നിരന്തരം ഇടപഴകുന്ന പൊലീസുകാർക്ക് ആന്റിജൻ, ആന്റിബോഡി പരിശോധനകളാണ് നടത്തുന്നത്. ഈ ടെസ്റ്റുകൾ കൊണ്ട് കാര്യമില്ലെന്നും രോഗം വ്യാപിച്ച സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.
തിരുവനന്തപുരത്ത് അച്ചടക്ക നടപടി
കൊവിഡ് പ്രതിരോധത്തിൽ വീഴ്‌ച വരുത്തിയെന്നതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുമായി തിരുവനന്തപുരം റൂറൽ എസ്.പി. രോഗപ്രതിരോധത്തിലും കേസെടുക്കുന്നതിലും വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് റൂറൽ എസ്.പിയുടെ നടപടി. ഒരു ഡി.വൈ.എസ്.പിക്കും 18 സി.ഐമാർക്കും എസ്.പി കാരണം കാണിക്കൽ നോട്ടീസ് നൽകി. എസ്.പിയുടെ നടപടിക്കെതിരെ സേനയിൽ പ്രതിഷേധം മുറുകുകയാണ്.
രോഗവ്യാപന നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഏറ്റവും അധികം കേസെടുത്ത തിരുവനന്തപുരം റൂറൽ പൊലീസിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് എന്നതാണ് സേനക്കുള്ളിലെ പ്രതിഷേധത്തിന് പ്രധാന കാരണം. ഇന്നലെ മാത്രം ഈ ഇനത്തിൽ രജിസ്റ്റർ ചെയ്തതത് 745 കേസാണ്. നെയ്യാറ്റിൻകര ഡി.വൈ.എസ്.പികും 18 സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമാണ് റൂറൽ എസ്.പി നോട്ടീസ് നൽകിയത്. ഇൻഷുറൻസ് പരിരക്ഷയെന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം വ്യാപകമാകുമ്പോഴാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർക്ക് നോട്ടീസ് നൽകുന്നതെന്നാണ് സേനയിലെ ആക്ഷേപം. എന്നാൽ നോട്ടീസിനെ കുറിച്ച് പ്രതികരിക്കാൻ ഉന്നത ഉദ്യോഗസ്ഥരാരും തയ്യാറായിട്ടില്ല.
സർക്കാർ നിർദേശങ്ങൾക്ക് കടകവിരുദ്ധമായി പ്രവർത്തിച്ചത് ഗുരുതരമായ കൃത്യവിലോപവും ചുമതലാബോധമില്ലായ്‌മയും അലസതയുമാണെന്ന് മെമ്മോയിൽ പറയുന്നു. മൂന്നു ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊവിഡ് പ്രതിരോധചുമതല പൊലീസിനെ ഏൽപ്പിക്കുമ്പോൾ രോഗവ്യാപനം തടയാൻ രണ്ടാഴ്ചത്തെ സമയപരിധിയായിരുന്നു സംസ്ഥാന സർക്കാർ നൽകിയത്. ആ ഉത്തരവ് തന്നെ വിവാദമായിരിക്കെയാണ് സമയ പരിധി തീർന്നതിന് തൊട്ടുപിന്നാലെ പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.