വാഷിംഗ്ടൺ: മാസ്ക് ധരിച്ചാൽ കൊവിഡിനെ ഒരു പരിധിവരെ പടിക്ക് പുറത്താക്കമെന്നത് കൊച്ചുകുട്ടികൾക്കുപോലും അറിയാം. പക്ഷേ, അമേരിക്കക്കാർക്ക് ഇത് ഇപ്പോഴും പിടികിട്ടിയിട്ടില്ല. രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവമാടിയിട്ടും മാസ്ക് ധരിക്കാൻ ഭൂരിപക്ഷവും തയ്യാറേ അല്ല. ഇത്തരക്കാരെ മാസ്ക് ധരിപ്പിക്കാൻ കിടിലനൊരു ഐഡിയയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത യുട്യൂബറായ അലൻ പാൻ.
'വെടിവച്ച്' മാസ്ക് ധരിപ്പിക്കുകയാണ് കക്ഷിയുടെ രീതി. ഇതിനായി മാസ്ക് ഹോൾസ് എന്നപേരിൽ സ്പെഷ്യൽ താേക്കും അലൻ നിർമ്മിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാതെ പോകുന്ന ആർക്കുനേരെയും ഇത് പ്രയോഗിക്കാം. അവരുടെ മുന്നിൽച്ചെന്ന് ഒറ്റവെടി. അടുത്തനിമിഷം സ്വയം ധരിച്ചതുപോലെ മാസ്ക് വെടിയേറ്റ ആളുടെ മുഖത്തുണ്ടാവും. വാട്ട് ആൻ ഐഡിയ!!.കാർബ്രേക്കിന്റെയും സ്പ്രേ പെയിന്റിംഗ് മെഷീന്റെയും ചില ഭാഗങ്ങൾ കൂട്ടിയിണക്കിയാണ് മാസ്ക് ഹോൾസ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ചെലവ് വളരെ കുറവ്.
നിരവധി പരീക്ഷണങ്ങൾ നടത്തിയശേഷമാണ് കണ്ടുപിടിത്തത്തെക്കുറിച്ചുളള വിവരം പുറത്തുവിട്ടത്. പരീക്ഷണങ്ങളെല്ലാം നൂറുശതമാനം വിജയമായിരുന്നു എന്നാണ് അലന്റെ അവകാശവാദം. ഇത് തെളിയിക്കാനായി മാസ്ക് ഹോൾഡിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കക്കാരുടെ പ്രശ്നം പരിഹരിക്കാനായി രൂപപ്പെടുത്തിയതിനാൽ തൽക്കാലം അമേരിക്കയ്ക്ക് പുറത്ത് മാസ്ക് ഹോൾസ് കൊണ്ടുപോകാൻ അലന് താൽപ്പര്യമില്ല.