ipl-sponsorship

ന്യൂഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 വര്‍ഷത്തേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഫാന്റസി ഗെയിം സ്റ്റാര്‍ട്ടപ്പായ ഡ്രീം 11 സ്വന്തമാക്കി. 222 കോടി രൂപയ്ക്കാണ് സ്‌പോണ്‍സറായി ഡ്രീം ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് സ്‌പോണ്‍സറായിരുന്ന വിവോ ഒരു വർഷത്തേക്ക് സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്ന് പിന്‍മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ കമ്പനികള്‍ തന്നെ സ്‌പോണ്‍സറാവാന്‍ രംഗത്തെത്തിയത്.

രണ്ട് ഇന്ത്യന്‍ സംരംഭകര്‍ ചേര്‍ന്ന് തുടങ്ങിയ ഫാന്റസി ഗെയിം സ്റ്റാര്‍ട്ടപ്പാണ് ഡ്രീം11. മൂന്ന് വര്‍ഷത്തേക്ക് ഐ.പി.എല്ലിന്റെ സ്‌പോണ്‍സറായി തുടരാന്‍ ഡ്രീം11 സാധിക്കും. എന്നാല്‍ വിവോ അടുത്ത വര്‍ഷം തിരികെ വരികയാണെങ്കില്‍ ഡ്രീം11 വഴിമാറി കൊടുക്കേണ്ടി വരും. ഡ്രീം 11, ബൈജൂസ് ആപ്, ടാറ്റ സണ്‍സ്, റിലയന്‍സ് ജിയോ എന്നിവരാണ് സ്പോണ്‍സര്‍ഷിപ്പിനായി സമീപിച്ചത്. ചൈനയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതിനെ തുടര്‍ന്ന് വിവോയെ ഒഴിവാക്കിയാണ് ഒരു വര്‍ഷത്തേക്ക് പുതിയ സ്പോണ്‍സറെ തേടിയത്.

ഐ.പി.എല്ലില്‍ ടാറ്റയ്ക്ക് നേരത്തെ സ്പോണ്‍സര്‍ഷിപ്പുണ്ട്. എന്നാല്‍, ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിന് ഇതാദ്യമായാണ് അപേക്ഷിക്കുന്നത്. ബൈജൂസ് ആപ്പിന് നിലവില്‍ ടീമിന്റെ ജഴ്സി സ്പോണ്‍സര്‍ഷിപ്പുണ്ട്. വിവോ ഒരു വര്‍ഷം 440 കോടി രൂപ എന്ന കണക്കില്‍ 5 വര്‍ഷത്തേക്കാണ് നേരത്തെ തന്നെ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ഈ വര്‍ഷം വിവോയെ ഒഴിവാക്കുന്നതിനാല്‍ അവര്‍ക്ക് നേരത്തെ കരാറില്‍ പറഞ്ഞിരുന്നതിലും ഒരു വര്‍ഷം കൂടുതല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിന് അവസരം നല്‍കും. വിവോയെ ഒഴിവാക്കിയതിലുള്ള നഷ്ടത്തിന് പുറമെ കൊവിഡ് കാലത്തെ സാമ്പത്തിക നഷ്ടം നികത്താനും ബി.സി.സി.ഐ ശ്രമിക്കുന്നുണ്ട്.