ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക ലവാസ സ്ഥാനം രാജിവച്ചു. സ്ഥാനം രാജിവച്ചുകൊണ്ടുളള കത്ത് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് അയച്ചതായി ലവാസ സ്ഥിരീകരിച്ചു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി വൈകാതെ ലവാസ ചുമതലയേൽക്കും.
ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷൻ ചട്ടലംഘന വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്‌ഷായ്‌ക്കും ഇലക്ഷൻ കമ്മീഷൻ ക്ളീൻ ചിറ്റ് നൽകുന്നതിനെ അശോക ലവാസ എതിർത്തിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ലവാസയും കുടുംബവും അനധികൃത വരുമാന സമ്പാദനത്തിന് ഇൻകം ടാക്‌സ് അന്വേഷണം നേരിട്ടിരുന്നു.1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക ലവാസ 2018ലാണ് ഇലക്ഷൻ കമ്മീഷണറായി സ്ഥാനമേറ്റത്.