kim

സോൾ : വിചിത്ര പരാമർശങ്ങളിലൂടെയും നടപടികളിലൂടെയും വാർത്തകളിൽ ഇടംനേടുന്നയാളാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. നാട്ടുകാർക്ക് തലവേദനയുണ്ടാക്കുന്ന അടുത്ത വിചിത്ര നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കിം. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാങ്ങിലെ വളർത്തുനായകളെയെല്ലാം കണ്ടുകെട്ടാനാണ് കിമ്മിന്റെ പുതിയ ഉത്തരവ്. കൊവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുകയാണ്. തുടർന്നാണ് കിം വളർത്തുനായകളെ കണ്ടുകെട്ടി പരിഹാരം കാണാൻ നിർദ്ദേശിച്ചിരിക്കുന്നത്. വളർത്തുനായകൾ മുതലാളിത്ത സമൂഹത്തിന്റെ പ്രതീകങ്ങളാണെന്നാണ് കിം പറയുന്നത്. ഇതോടെ ചെകുത്താനും കടലിനും നടുവിലെന്ന അവസ്ഥയിലാണ് ജനങ്ങൾ. കിമ്മിനെ ധിക്കരിച്ചാൽ പിന്നെ ജീവൻ കാണില്ല, അതേ സമയം തന്നെ കുടുംബത്തിന്റെ അംഗത്തെ പോലെ ഓമനിച്ച് വളർത്തിയിരുന്ന മൃഗങ്ങളെ വിട്ടുകൊടുക്കാനുള്ള വിഷമവും.

വളർത്തു മൃഗങ്ങൾ രാജ്യത്തെ നിയമങ്ങൾക്കെതിരാണെന്നും വീട്ടിൽ ഒരു വളർത്തുനായ ഉണ്ടാകുന്നത് ബൂർഷ്വാസമൂഹത്തിന്റെ ലക്ഷണമാണെന്നുമാണ് കിം ജൂലായിൽ പ്രഖ്യാപിച്ചത്. കിമ്മിന്റെ ആളുകൾ വളർത്തുമൃഗങ്ങളുള്ള വീടുകൾ കണ്ടെത്തുകയാണെന്നും ഉടമസ്ഥർ സ്വമേധയാ നായകളെ നൽകിയില്ലെങ്കിൽ അധികൃതർ നായകളെ കണ്ടുകെട്ടുന്നതായും ദക്ഷിണ കൊറിയൻ ദിനപത്രമായ ചോസൺ ഇൽബോ റിപ്പോർട്ട് ചെയ്യുന്നു. കണ്ടുകെട്ടുന്ന നായകളിൽ ചിലതിനെ സർക്കാർ മൃഗശാലകളിലേക്ക് മാറ്റും. ചിലതിനെ നായ ഇറച്ചി വില്പന നടത്തുന്ന റെസ്‌റ്റോറന്റുകൾക്ക് വില്ക്കും. നായകളുടെ ഉടമസ്ഥരെല്ലാം ഇപ്പോൾ കിമ്മിനെ മനസിൽ ശപിക്കുകയാണ്. പക്ഷേ, പുറത്ത് കേട്ടാൽ അറിയാമല്ലോ, പിന്നെ തലകാണില്ലെന്ന് മാത്രം.

ഉത്തര കൊറിയയിൽ 60 ശതമാനത്തോളം ജനങ്ങൾ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് യു.എൻ റിപ്പോർട്ട്. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലും ഒരു പോലെ പ്രചാരമേറിയ ഒന്നാണ് നായ ഇറച്ചി. ദക്ഷിണ കൊറിയയിൽ നായ ഇറച്ചിയുടെ ഉപയോഗം ഗണ്യമായി കുറ‌ഞ്ഞു വരികയാണ്. ഏകദേശം 10 ലക്ഷത്തോളം നായകളെയാണ് ഇപ്പോൾ ദക്ഷിണ കൊറിയക്കാർ അകത്താക്കുന്നത്. അടുത്തിടെയുണ്ടായ പ്രളയവും ഉത്തര കൊറിയയിൽ ഭക്ഷ്യക്ഷാമത്തിന് ആക്കം കൂട്ടിയിരുന്നു. ഇതോടെയാണ് നായകളെ കൊന്ന് ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള ഐഡിയയുമായി കിം എത്തിയിരിക്കുന്നത്.