വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഞ്ചരിച്ച എയർഫോഴ്സ് വൺ വിമാനത്തിനരികിലൂടെ അപകടകരമായ വിധത്തിൽ ഒരു ഡ്രോൺ പറന്നതായി റിപ്പോർട്ട്. ഞായറാഴ്ച രാത്രി വാഷിംഗ്ടണിന് സമീപമുള്ള വ്യോമതാവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഡ്രോൺ വിമാനത്തിനരികിലൂടെ കടന്നുപോയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അതേസമയം, മഞ്ഞയും കറുപ്പും നിറത്തിൽ ഡ്രോൺ പോലുള്ള എന്തോ ആണ് വിമാനത്തിന്റെ വലതു വശത്തുകൂടി പറന്നതെന്ന് വിമാനത്തിൽ സഞ്ചരിച്ച ചിലർ വ്യക്തമാക്കി. റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങൾ വിലയിരുത്തി വരികയാണെന്നും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസും എയർഫോഴ്സ് എയർലിഫ്റ്റ് വിംഗും അറിയിച്ചു.
അമേരിക്കയിൽ, വിമാനത്തിനരികിലൂടെയും നിരോധിത മേഖലകളിലും ഡ്രോൺ പറത്തിയതിന് ആയിരത്തോളം പരാതികൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് വർഷം തോറും ലഭിക്കുന്നുണ്ട്. കൂടുതൽ പരാതികളും പൈലറ്റുമാരിൽ നിന്നാണ്. ഞായറാഴ്ച നടന്ന സംഭവത്തിൽ എയർഫോഴ്സിൽ നിന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടും തേടിയിട്ടുണ്ട്.