തിരുവനന്തപുരം: തടവുകാർക്ക് കൊവിഡ് രോഗം ബാധിച്ചതോടെ പൂജപ്പുര ജയിലിൽ നിന്നുള്ള ചപ്പാത്തിയുടേയും ചിക്കന്റേയുമൊക്കെ ഉത്പാദനം തത്കാലം നിറുത്തി. ഇതോടെ, കൊവിഡിനെ തുടർന്ന് ഹോട്ടലുകൾ തുറക്കാതെ വന്നപ്പോൾ ആഹാരത്തിനായി ജയിൽ ചപ്പാത്തിയെ ആശ്രയിച്ച ആയിരക്കണക്കിന് പേർ കഷ്ടത്തിലായി. മാത്രമല്ല ജയിൽ വകുപ്പിന് ഇതിലൂടെ വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാവും. പ്രതിവർഷം 1.10 കോടിയാണ് ജയിൽ ചപ്പാത്തി വിൽക്കുന്നതിലൂടെ വകുപ്പിന് ലഭിക്കുന്നത്.
തടവുകാരിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ 14 മുതലാണ് ജയിലിലെ ചപ്പാത്തി നിർമ്മാണ യൂണിറ്റ് അടച്ചിട്ടത്. ഇതോടൊപ്പം ജയിലിന് സമീപമുള്ള കഫറ്റീരിയയും അടച്ചു. പുറത്തുപോയി തടവുകാർ ചെയ്തിരുന്ന ശുചീകരണ ജോലികൾ അടക്കമുള്ളവയും അവസാനിപ്പിച്ചു. നിലവിൽ ജീവനക്കാർക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള അടുക്കള മാത്രം ഭാഗികമായി പ്രവർത്തിക്കുന്നു. ഇവിടെ രോഗികളുമായി സമ്പർക്കമില്ലാത്തവരെയാണ് നിയോഗിച്ചിരിക്കുന്നത്. പുറത്ത് ജോലി ചെയ്തിരുന്നവരെയെല്ലാം പഴയ വനിതാ ബ്ലോക്കിലാണ് താമസിപ്പിച്ചിരിക്കുന്നത്. അതിനാൽ ഇവർക്ക് പ്രധാന കവാടം കടന്ന് അകത്ത് പ്രവേശിക്കേണ്ടി വരുന്നില്ല.
പെട്രോൾ പമ്പും അടച്ചു
ജയിൽ വകുപ്പ് ആരംഭിച്ച പെട്രോൾ പമ്പും തടവുകാരിലെ കൊവിഡ് ബാധയെ തുടർന്ന് താത്കാലികമായി അടച്ചു. ജയിലിലെ അന്തേവാസികളായിരുന്നു പെട്രോൾ പമ്പിലെ ജീവനക്കാർ. രോഗം ബാധിക്കാത്ത തടവുകാരെയാണ് പമ്പിൽ ജോലിക്കായി നിയോഗിച്ചിരുന്നതെങ്കിലും രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തടവുകാരെ ഉപയോഗിച്ച് പമ്പ് തുറക്കുന്നത് അഭികാമ്യമല്ലെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.
രണ്ട് ഭാഗമാക്കി കരുതൽ
പൂജപ്പുര സെൻട്രൽ ജയിലിൽ എട്ട് ജീവനക്കാർക്കടക്കം 477പേർക്കാണ് കൊവിഡ് ബാധിച്ചത്. തടവുകാരെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക ബ്ലോക്കുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ജയിലിനെ രണ്ട് ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവായവരുമായി സമ്പർക്കത്തിൽ വരാൻ രോഗമില്ലാത്തവരെ ഒരു കാരണവശാലും അനുവദിക്കുന്നില്ല. പുറത്തിറങ്ങുന്നതടക്കം നിയന്ത്രണമുണ്ട്. ഭക്ഷണം നൽകുന്നതടക്കമുള്ള കാര്യങ്ങൾ പരമ്പരാഗതരീതി ഉപേക്ഷിച്ച് സമ്പർക്കമുണ്ടാകാത്ത തരത്തിലാക്കി. ജയിലിനുള്ളിൽ തന്നെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജമാക്കിയാണ് ഇപ്പോൾ രോഗബാധിതരെ ചികിത്സിക്കുന്നത്. ജയിൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കൊപ്പം രണ്ട് ഡോക്ടമാരെയും ഓരോ നഴ്സിനെയും ഫാർമസിസ്റ്റിനെയും ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. പൂജപ്പുര എൽ.ബി.എസ് കോളജിൽ ആരംഭിച്ച കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് രോഗം ബാധിച്ച ജീവനക്കാരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജില്ലാ ജയിലിലും കൊവിഡ് രോഗം പടരുന്നുണ്ട്. ഇന്നലെ നടത്തിയ പരിശോധനയിൽ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു.