ലണ്ടൻ: ബ്രിട്ടനിലെ റോയൽ അക്കാഡമി ഒഫ് എൻജിനിയറിംഗ് പ്രസിഡന്റിന്റെ പ്രത്യേക പുരസ്‌കാരം കരസ്ഥമാക്കിയവരിൽ ഇന്ത്യൻ വംശജനായ ഫിസീഷ്യൻ ഡോ.രവി സോളങ്കിയും. ന്യൂറോ ഡീജെനറേറ്റീവ് വിഭാഗത്തിലാണ് സോളങ്കി പ്രവർത്തിക്കുന്നത്. കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ മികച്ച നേട്ടങ്ങളെ വിലമതിക്കുന്നതിനായാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 19 പേരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഇവർക്ക് വെള്ളി മെഡൽ നൽകി ആദരിക്കും.
സോളങ്കിയും മെഷീൻ ലേണിംഗിൽ പ്രവർത്തിക്കുന്ന റെയ്മണ്ട് സീംസും ചേർന്നുണ്ടാക്കിയ വെബ്‌സൈറ്റാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. നാഷണൽ ഹെൽത്ത് സർവീസിലെ ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും ഒന്നിച്ചുകൊണ്ടുവരുന്നതിനായുള്ള വെബ്സൈറ്റാണിത്.
ധനസഹായം, കൗൺസിലിംഗ്, മറ്റുക്ഷേമപ്രവർത്തനങ്ങൾ, ശിശുസംരക്ഷണത്തിനായുളള പിന്തുണ, പി.പി.ഇ കിറ്റ് എന്നീ സേവനങ്ങളാണ് വെബ്‌സൈറ്റ് ഉറപ്പുവരുത്തിയത്. പൊതുജനവികാരത്തെ സ്വാധീനിക്കാനും സംഭാവനകൾ വേഗത്തിൽ സ്വീകരിക്കാനും അതുവഴി രാജ്യത്ത് കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് എൻ.എച്ച്.എസ് പ്രവർത്തകർക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിനും വെബ്സൈറ്റിലൂടെ സാധിച്ചു.