അഭിനയജീവിതത്തിൽ പത്താം വർഷത്തിലേക്ക് കടക്കുന്ന ഉണ്ണി മുകുന്ദന്റെ വിശേഷങ്ങൾ........
വർഷങ്ങൾക്ക് മുമ്പ്, സിനിമ സ്വപ്നം കണ്ടുനടന്ന സുന്ദരനായ ഒരു മലയാളി പയ്യൻ അങ്ങ് ഗുജറാത്തിൽ നിന്ന് സംവിധായകൻ ലോഹിതദാസിന് കത്തെഴുതി. ''സർ... സിനിമ എനിക്കൊരുപാട് ഇഷ്ടമാണ്..."" എന്നു തുടങ്ങിയ ആ കത്തിലെ വടിവൊത്ത കൈയക്ഷരം ലോഹിതദാസിന് ഇഷ്ടപ്പെട്ടു.
''അങ്ങനെ അഹമ്മദാബാദിൽ നിന്ന് നാല് ദിവസത്തെ ട്രെയിൻ യാത്രയ്ക്കൊടുവിൽ ഞാൻ പഴയ ലക്കിടിയിലെത്തി. സ്ഥലങ്ങളൊന്നും പിടിയില്ലാത്തതിനാൽ വിലാസം ചോദിച്ച് ലോഹി സാറിന്റെ വീട്ടിലേക്ക് ഫോൺ ചെയ്തു.
''നീ ലോഹിതദാസിന്റെ വീടേതാണെന്ന് ഏതെങ്കിലും ആട്ടോക്കാരനോട് ചോദിച്ചാൽ മതി."" അദ്ദേഹത്തിന്റെ മറുപടിയിൽ അല്പം നീരസം കലർന്നിരുന്നു. ഈ പുള്ളിയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വലിപ്പമറിയാത്ത ഞാൻ മനസിൽ വിചാരിച്ചു. വീട് ചോദിച്ചപ്പോൾ ആട്ടോക്കാരന് സന്തോഷം.എനിക്കത് അതിശയമായിത്തോന്നി.
വീട്ടിലെത്തിയപ്പോൾ ഒരു ചേച്ചി സംഭാരം കൊണ്ടു തന്നു. ചോദിച്ചപ്പോൾ വീണ്ടും കിട്ടി സംഭാരം. അതിനിടയിൽ കാവിമുണ്ടുടുത്ത് ബീഡിയും വലിച്ച് ആ വഴി പോയ ആളെ അത്ര ശ്രദ്ധിച്ചില്ല. അല്പം കഴിഞ്ഞ് പുള്ളി അടുത്തുള്ള ചാരുകസേരയിൽ വന്നിരുന്ന് എന്നെയൊന്ന് നോക്കി: ''ഞാനാണ് ലോഹിതദാസ്. പറയൂ..."" അതുകേട്ട് ഞാനാകെ വണ്ടറടിച്ചു. ലോഹിതദാസ് എന്ന് കേട്ടിട്ടുള്ളതല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടുണ്ടായിരുന്നില്ല.
സിനിമയുടെ ഉയരങ്ങളിൽ നിൽക്കുന്നൊരാൾ മാന്യമായി പെരുമാറിയപ്പോൾത്തന്നെ എന്റെ മനസ് നിറഞ്ഞു. ഇന്നും പുതിയൊരാളോട് മര്യാദയില്ലാതെ സംസാരിക്കാൻ എനിക്ക് കഴിയാത്തത് അന്ന് ലോഹിസാർ കാണിച്ച നന്മ കൊണ്ടാണ്.
''എന്നാൽ ശരി നമുക്ക് സിനിമ ചെയ്യാം."" എന്ന ഇൻസ്റ്റന്റ് മറുപടി ലോഹിസാറിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തിൽ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലായിരുന്നതുകൊണ്ട് ഞാനത് ചെയ്തില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്ത് ചാടണ്ട എന്നായിരുന്നു തീരുമാനം. പക്ഷേ, വൈകാതെ ലോഹിസാർ നമ്മെ വിട്ട് പോയി. ഞാൻ, ഇനി എന്ത് എന്ന കൺഫ്യൂഷനിലുമായി. ഇതുവരെയുള്ള സിനിമാജീവിതത്തിൽ എനിക്ക് കുറേചീത്തപ്പേര് കിട്ടിയിട്ടുണ്ട്. അതിന്റെ തുടക്കം സാറിന്റെ മരണത്തിലാണ്. എന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹിതദാസ് സാർ മരിച്ചതെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ.
അപ്പോഴേക്കും തമിഴിൽ നിന്ന് ആദ്യ അവസരം ലഭിച്ചു. അതുകഴിഞ്ഞ് പ്രമോദ് പപ്പൻ സാർ ബാങ്കോക്ക് സമ്മർ എന്ന സിനിമയിൽ വില്ലനാകാൻ വിളിച്ചു. അത് കഴിഞ്ഞപ്പോഴേക്കും ദിലീപ് പണിക്കർ എന്ന അസോസിയേറ്റ് ഡയറക്ടർ എന്നെ ബാബുചേട്ടന് (ബാബു ജനാർദ്ദനൻ) പരിചയപ്പെടുത്തി. ബോംബെ മാർച്ച് 12ന്റെ പ്ളാനിംഗിലായിരുന്നു അപ്പോൾ ബാബുചേട്ടൻ. അദ്ദേഹം പറഞ്ഞതനുസരിച്ച് പോണ്ടിച്ചേരിയിൽ ഡബിൾസിന്റെ സെറ്റിൽ പോയി മമ്മൂക്കയെ കണ്ടു. പിന്നീട് നടന്നതെല്ലാം നിങ്ങൾക്കറിയാം.
മലയാളികൾ എന്നെ മാറ്റി നിറുത്തില്ലെന്ന വിശ്വാസത്തിലാണ് കേരളത്തിലെത്തിയത്. പക്ഷേ ഗുജറാത്തിൽ നിന്ന് വന്നതാണെന്ന പഴി കേൾക്കേണ്ടി വന്നു. ഗുജറാത്തിൽ നിന്നല്ലേ, അമേരിക്കയിൽ നിന്നൊന്നുമല്ലല്ലോ വന്നത്? ഗുജറാത്തിനെ കുറിച്ച് കേരളത്തിൽ മോശം അഭിപ്രായമുണ്ടെന്ന് തോന്നുന്നു. അതൊന്നും പ്രേക്ഷകർ മുഖവിലയ്ക്കെടുത്തില്ല. എന്റെ പേര് കൊണ്ടായിരിക്കാം അല്ലെങ്കിൽ മുഖത്തിന്റെ പ്രത്യേകതയായിരിക്കാം സ്വന്തം വീട്ടിലെ ഒരാളായാണ് അവർ സ്വീകരിച്ചത്.
അപ്പോഴും ആരോപണങ്ങൾക്ക് പഞ്ഞമുണ്ടായിരുന്നില്ല. സൗന്ദര്യം മാത്രമേയുള്ളൂവെന്ന് പറഞ്ഞവരുണ്ട്. അത് എന്റെ കുഴപ്പമല്ല.
വെറും മസിൽമാൻ മാത്രമാണ് എന്നായിരുന്നു അടുത്ത പരാതി. ആരോഗ്യമുള്ളത് നല്ല കാര്യമല്ലേ? മസിലുണ്ടായതുകൊണ്ട് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ പ്രയാസമായിരിക്കുമെന്ന് പറഞ്ഞ ചില നെഗറ്റീവ് കക്ഷികളുണ്ട്. ഇന്ന് ഞാൻ എല്ലാത്തരം സിനിമകളും ചെയ്തുകഴിഞ്ഞു. ചാണക്യതന്ത്രത്തിൽ പെൺവേഷം വരെ ചെയ്തു. അതിൽ സിക്സ്പായ്ക്കോ മസിലോ ഒന്നും വിഷയമായില്ല. എല്ലാം തികഞ്ഞ ആരുമില്ല. ആരോഗ്യം ഒരു നടന്റെ പ്ളസ് പോയിന്റാണ്. അതുകൊണ്ടാണ് ഞാൻ ഉണ്ണി മുകുന്ദനായത്. അല്ലെങ്കിൽ മറ്റുള്ളവരെപ്പോലെയാകുമായിരുന്നു. ചിലപ്പോൾ ഇതൊരു ട്രെൻഡാകും. ഇനി വരുന്ന നായകന്മാരിൽ പത്തിലൊരാളെങ്കിലും ഉണ്ണി മുകുന്ദനെപ്പോലെ ബോഡി ബിൽഡ് ചെയ്തുവരും.
നല്ല ശരീരമുള്ളതുകൊണ്ടാണ് വിക്രമാദിത്യനിലെ മസിലളിയൻ എന്ന കഥാപാത്രം ലഭിച്ചത്. കിട്ടിയാൽ കിട്ടി എന്ന രീതിയിൽ ചെയ്ത സിനിമയാണ് മല്ലുസിംഗ്. അതിൽ സ്വന്തമായി ഡബ്ബ് ചെയ്യാൻ പറ്റാത്തതിൽ വലിയ വിഷമമുണ്ടായിരുന്നു. KL-10ൽ മലപ്പുറം ഭാഷയിൽ ഡബ്ബ് ചെയ്തു. ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് ഒഴിവാക്കപ്പെട്ട ഞാൻ മൂന്ന് പാട്ടുകൾ പാടി. മാസ്റ്റർപീസും ഇരയും കഴിഞ്ഞപ്പോൾ എനിക്ക് ലഭിച്ച അഭിനന്ദനങ്ങളിൽ ഒന്ന് സ്ക്രാച്ചുള്ള ആ ശബ്ദത്തിനായിരുന്നു.മാസ്റ്റർപീസിലെ ജോൺ തെക്കൻ എന്ന പൊലീസ് ഓഫീസർ ശ്രദ്ധിക്കപ്പെട്ടു. ബാഗ്മതി, ഇര, ജനതാഗാരേജ്, മാസ്റ്റർപീസ്, ചാണക്യതന്ത്രം, അച്ചായൻസ് , മാമാങ്കം, മിഖായേൽ എന്നീ ചിത്രങ്ങളും എനിക്ക് നേട്ടമായി. ക്ളിന്റും വ്യക്തിപരമായി ഇഷ്ടപ്പെട്ട സിനിമയാണ്.
സെലിബ്രിറ്റി ആയതിന്റെ നേട്ടങ്ങളും ഒരുപാടുണ്ട്. വെറും പ്ളസ് ടു പാസായ ഞാനോടിക്കുന്ന കാറുകൾ ലാൻഡ് റോവും ജീപ്പ് കോമ്പസുമൊക്കെയാണ്. ഒരു വീട്, രണ്ട് ഫ്ളാറ്റ്... ചിലത് നേടുമ്പോൾ ചിലത് നഷ്ടമാകും. എന്റെ ജോലി അഭിനയമാണ്. അതനുസരിച്ച് ജീവിതത്തെ മാറ്റാൻ ആഗ്രഹിക്കുന്നില്ല.