thar

കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജനപ്രിയ എസ്.യു.വിയായ 'താറിന്റെ" ഏറ്റവും പുത്തൻ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. ഒക്‌ടോബർ രണ്ടുമുതൽ പുത്തൻ താർ ഉപഭോക്താക്കളിലേക്ക് എത്തും. മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ഡോ. പവൻ ഗോയങ്ക, ഓട്ടോ ആൻഡ് ഫാം സെക്‌ടർ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രാജേഷ് ജെജുരീക്കർ എന്നിവർ ചേർന്നാണ് പുതിയ താർ അവതരിപ്പിച്ചത്. വില പിന്നീട് പ്രഖ്യാപിക്കും.

ഓഫ് റോഡിംഗിനും ദൈനംദിന യാത്രകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന താറിന് 4-സീറ്റർ ലൈഫ് സ്‌റ്റൈൽ വേരിയന്റും 6-സീറ്റർ അഡ്വഞ്ചർ വേരിയന്റുമാണുള്ളത്. തനത് ക്ളാസിക് ലുക്ക് നിലനിറുത്തി, ആധുനിക ചേരുവകളും ചേർത്ത് മനോഹരമായാണ് പുത്തൻ താറിനെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ബി.എസ്-6 ചട്ടം പാലിക്കുന്ന 2.2 ലിറ്റർ ഡീസൽ, 2.2 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകളും 4x4 മാനുവൽ ഷിഫ്‌റ്റ് സംവിധാനവും ഇതിന് പിന്തുണയേകുന്നു. 17.8 സെന്റീമീറ്റർ ഇൻഫോടെയ്‌ൻമെന്റ് സ്‌ക്രീൻ, ക്രൂസ് കൺട്രോൾ, എ.ബി.എസും ഇ.ബി.ഡിയും, ഡ്യുവൽ എയർബാഗുകൾ, റൂഫ് മൗണ്ടഡ് സ്‌പീക്കർ എന്നിങ്ങനെ സവിശേഷതകൾ ധാരാളം.