ന്യൂഡൽഹി: ഫേസ്ബുക്ക് തലവൻ മാർക് സുക്കർബർഗിന് കോൺഗ്രസ് അയച്ച കത്ത് രാഹുൽഗാന്ധി തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. അമേരിക്കൻ പ്രസിദ്ധീകരണമായ വാൾസ്ട്രീറ്റ് ജേണലിലെ ഒരു ലേഖനത്തെ ചൊല്ലിയുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിലാണ് ഫേസ്ബുക്ക് മേധാവിക്ക് കോൺഗ്രസ് കത്തയച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഇന്ത്യ എക്സിക്യൂട്ടീവുകളുടെ പെരുമാറ്റത്തെ കുറിച്ച് സമയബന്ധിതമായി ഉന്നതതല അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
പക്ഷപാതം, വ്യാജവാർത്തകൾ, വിദ്വേഷ ഭാഷണം എന്നിവയിലൂടെ ജനാധിപത്യത്തിൽ കൃത്രിമം കാണിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് കത്തിൽ കോൺഗ്രസ് വ്യക്തമാക്കുന്നു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഒപ്പിട്ട കത്തിൽ ഓഗസ്റ്റ് 14ലെ ലേഖനത്തിൽ പ്രസിദ്ധീകരിച്ച വാൾ സ്ട്രീറ്റ് ജേണലിന്റെ കണ്ടെത്തലുകൾ 'അതിശയിപ്പിക്കുന്ന വെളിപ്പെടുത്തലല്ല' എന്നാണ് പരാമർശിച്ചിരിക്കുന്നത്.
സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പൂർത്തിയാക്കി പരസ്യമാക്കണമെന്നും ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ടീമിനെ നീക്കം ചെയ്യണമെന്നും കത്തിൽ കോൺഗ്രസ് ആവശ്യപ്പെടുന്നു. 2014 മുതൽ വിദ്വേഷ പോസ്റ്റുകൾ പ്ലാറ്റ്‌ഫോമിൽ അനുവദിച്ച എല്ലാ സംഭവങ്ങളും ഫേസ്ബുക്ക് പ്രസിദ്ധീകരിക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്താൻ ജനങ്ങളെ പ്രേരിപ്പിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ഫേസ്‌ബുക്കിന്റെ പോളിസി ചീഫ് അങ്കി ദാസിനെതിരെ പോലീസ് കേസ് ഫയൽ ചെയ്‌തിട്ടുണ്ട്. റായ്‌പൂർ പൊലീസാണ് കേസെടുത്തത്.
We cannot allow any manipulation of our hard-earned democracy through bias, fake news & hate speech.
As exposed by @WSJ, Facebook’s involvement in peddling fake and hate news needs to be questioned by all Indians. pic.twitter.com/AvBR6P0wAK— Rahul Gandhi (@RahulGandhi) August 18, 2020
വിദ്വേഷ പ്രചരണ പോസ്റ്റുകളിൽ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങൾ ബി.ജെ.പി നേതാക്കൾക്ക് വേണ്ടി ഫേസ്ബുക്ക് മാറ്റുന്നെന്ന വാർത്തകൾ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. അപകടകരമായ വിദ്വേഷ വാക്കുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്. വാൾസ്ട്രീറ്റ് ജേണലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടത്.
ബി.ജെ.പി നേതാവ് ടി.രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങൾ തിരുത്തുന്നതായി കണ്ടെത്തിയത്. ബി.ജെ.പിയിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താത്പര്യങ്ങളെ ബാധിക്കുമെന്നാണ് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അൻകി ദാസ് ജീവനക്കാരോട് പറഞ്ഞതെന്ന വാർത്തയും പുറത്തുവന്നിരുന്നു. വാൾസ്ട്രീറ്റ് ജേണലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഐ.ടി പാർലമെന്ററി സമിതിയിൽ വിഷയത്തിൽ തർക്കം മുറുകുകയാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു.