കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. പത്ത് പേർക്ക് പരിക്കേറ്റു. രാജ്യത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് നയതന്ത്ര പ്രധാനമായ ഭാഗത്ത് റോക്കറ്റ് ആക്രമണം ഉണ്ടായതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കർശനമായ നയതന്ത്ര സുരക്ഷ ഏർപ്പെടുത്തിയ പ്രദേശത്തെ ഒരു പള്ളിക്ക് സമീപമാണ് റോക്കറ്റ് ചെന്ന് പതിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനു പിന്നാലെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വിവിധ എംബസികളിലെ ജീവനക്കാരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി. സമാധാന ചർച്ചയുടെ ഭാഗമായി 400 ഓളം താലിബാൻ തീവ്രവാദികളെ അഫ്ഗാൻ ജയിൽ മോചിതരാക്കാൻ തീരുമാനിച്ചെങ്കിലും താലിബാൻ തടവിലാക്കിയിരിക്കുന്ന സൈനികരെ വിട്ടയക്കാതെ മറ്റൊരു ജയിൽ മോചനം സാദ്ധ്യമല്ലെന്ന അഫ്ഗാൻ സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റോക്കറ്റ് ആക്രമണം. അതേസമയം, താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അറിയിച്ചു.