തിരുവനന്തപുരം: തലസ്ഥാനത്ത് കടുത്ത ആശങ്ക ഉയർത്തി പൂജപ്പുര സെൻട്രൽ ജയിലിന് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കൊവിഡ് പടരുന്നു. ജില്ലാ ജയിലിലെ 36 തടവുകാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 130 പേരെയാണ് ഇന്ന് പരിശോധിച്ചത്. കൂടുതൽ പേർക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ മുഴുവൻ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
അതിനിടെ പൂജപ്പുര സെൻട്രൽ ജയിലിൽ ഒൻപത് പേർക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാല് ജീവനക്കാർക്കും അഞ്ച് തടവുകാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ 477പേർക്കാണ് കൊവിഡ് ബാധിച്ചത്. ഈമാസം 11നാണ് സെൻട്രൽ ജയിലിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് മുഴുവൻ തടവുകാരെയും പരിശോധയ്ക്ക് വിധേയരാക്കാൻ തീരുമാനിക്കുകയായിരുന്നു. പൂജപ്പുര ജയിലിൽ രോഗം ആദ്യം സ്ഥിരീകരിച്ച 72കാരനായ തടവുകാരൻ കഴിഞ്ഞദിവസം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കിളിമാനൂർ സ്വദേശിയായിരുന്നു ഇയാൾ.