തൃശൂർ: കൊച്ചി ആസ്ഥാനമായുള്ള ഹെൽത്ത് ടെക് സ്‌റ്റാർട്ടപ്പായ വീറൂട്ട്‌സ് വെൽനെസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ (വി.ഡബ്ള്യു.എസ്) ബോളിവുഡ് താരം സുനിൽ ഷെട്ടി മൂലധന നിക്ഷേപം നടത്തി. എത്ര തുകയാണ് നിക്ഷേപിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. വീറൂട്ട്‌സിന്റെ ബ്രാൻഡ് അംബാസഡറായും സുനിൽ ഷെട്ടി പ്രവർത്തിക്കും.
മലയാളി നിക്ഷേപകനും വെൽനെസ് വിദഗ്ദ്ധനും ബയോഹാക്കറുമായ സജീവ് നായർ 2018ൽ ആരംഭിച്ച കമ്പനിയാണ് വീറൂട്ട്‌സ്. വ്യക്തിഗത ലൈഫ്സ്‌റ്റൈൽ മാനേജ്‌മെന്റിൽ പ്രത്യേക ഊന്നൽനൽകി പ്രവർത്തിക്കുന്ന സ്‌റ്റാർട്ടപ്പായ വീറൂട്ട്‌സിന് 100 കോടി രൂപ മൂല്യമുണ്ടെന്നാണ് വിലയിരുത്തൽ.
കേരളം ആസ്ഥാനമായുള്ള ഒരു സ്‌റ്റാർട്ടപ്പിൽ ബോളിവുഡ് താരം ഓഹരി പങ്കാളിത്തം നേടുന്നത് ആദ്യമാണെന്ന് വീറൂട്ട്‌സ് ചെയർമാനും ചീഫ് മെന്ററുമായ സജീവ് നായർ പറഞ്ഞു. നൂതന ആശയങ്ങളിലൂടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന വീറൂട്ട്‌സിൽ നിക്ഷേപിക്കാനായത് സന്തോഷകരമാണെന്ന് സുനിൽ ഷെട്ടി പറഞ്ഞു.
വീ-ജെനോം ടെസ്‌റ്റിലൂടെ വ്യക്തികളുടെ ഭക്ഷണക്രമം, വ്യായാമം എന്നിവയ്ക്ക് കൃത്യമായ മാർഗനിർദേശം നൽകുകയാണ് വീറൂട്ട്‌സ് ചെയ്യുന്നത്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് എന്നിവ പ്രയോജനപ്പെടുത്തി എപ്‌ലിമോ എന്ന ലൈഫ്‌സ്‌റ്റൈൽ മോഡിഫിക്കേഷൻ ആപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.