തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ സാമൂഹിക പ്രതിബദ്ധതയോടെ ഉപയോഗിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പത്ത് വയസുകാരി. മെഹ്റിൻ ഷെബീർ എന്ന ആറാംക്ളാസുകാരി ശ്രദ്ധാകേന്ദ്രമാകുന്നത് കാലിക പ്രസക്‌തിയുളള വിഷയത്തിൽ ഒരുക്കിയ ഹ്രസ്വ ചിത്രത്തിലൂടെയാണ്. കുട്ടികൾക്ക് നേരേയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെയാണ് അഞ്ച് മിനുട്ട് ദൈർഘ്യമുളള "പാഠം ഒന്ന് പ്രതിരോധം " എന്ന മെഹ്‌റീന്റെ ഹ്രസ്വചിത്രം.തിരുവനന്തപുരം ശ്രീ നാരായണ പബ്ളിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മെഹ്‌റിൻ.
കാലിക പ്രസക്‌തിയുളളതും സാമൂഹിക പ്രതിബദ്ധതയുളളതുമായ ചിത്രത്തിന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി രാംദാസ് ആഠാവാലെ പ്രശംസാ പത്രവും നൽകിയിട്ടുണ്ട്. കുട്ടികൾക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരേ സമൂഹം ഒന്നായി നിലകൊള്ളേണ്ട ഈ കാലഘട്ടത്തിൽ, മെഹ്റിന്റെ കലാസൃഷ്ടിക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മന്ത്രി പറയുന്നു.
"പാഠം ഒന്ന് പ്രതിരോധ"ത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും മെഹ്റിനാണ്. നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു ഹ്രസ്വചിത്രം കണ്ട് മെഹ്റിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ചിത്രം ഇഷ്ടപ്പെട്ട അദ്ദേഹം മെഹ്റീനു വേണ്ടി ഒരു ഹ്രസ്വചിത്രം നിർമ്മിക്കാൻ തയ്യാറായിരിക്കുകയാണ്. ഇതിന്റെ ചർച്ചകൾ ഇപ്പോൾ നടക്കുകയാണ്.
മെഹ്റിൻ ഷെബീർ തന്നെ എഴുത്തും സംവിധാനവും നിർവഹിച്ച ‘പാഠം ഒന്ന് പ്രതിരോധം’ക്യാമറയും എഡിറ്റിംഗും ചെയ്‌തിരിക്കുന്നത് മെഹ്റിന്റെ സഹോദരൻ അഫ്നാൻ റെഫിയാണ്. തൻവീർ അബൂബക്കർ ,സുരേഷ് പുന്നശ്ശേരി എന്നിവരാണ് നിർമ്മാണം.