പ്ളാസ്റ്റിക്കും സിന്തറ്റിക് ഐറ്റങ്ങളും കൊണ്ട് നിർമ്മിച്ച പലതരം കൗതുക വസ്തുക്കളാണ് മിക്കവീടുകളിലെയും ഷോക്കേസുകൾ അലങ്കരിച്ചിരിക്കുന്നത്. കൂട്ടത്തിൽ പറയട്ടെ ഈ കൊവിഡ് കാലത്തു കലാകാരന്മാരും കലാബോധമുള്ളവരും അത് ഒട്ടുമില്ലാത്തവരും എല്ലാം ലോക്കായിപ്പോയ (ലോക്കപ്പിലായിപ്പോയ) വീട്ടിനുള്ളിലിരുന്നു തങ്ങളുടെ സർഗവാസനകളെ പുറത്തെടുത്തു ബോറടി മാറ്റാൻ ശ്രമിച്ചത് നമ്മൾ കണ്ടു. എന്തിന്, സഞ്ചാര സ്വാതന്ത്ര്യം വരെ ഇല്ലെന്നുപറഞ്ഞു രോഷം കൊണ്ട്, കളയാൻ വച്ചിരുന്ന ചിരട്ടയും പാട്ടയും കുപ്പിയും കടലാസു മൊക്കെ കൈയിൽ കിട്ടിയ നിറങ്ങളെല്ലാം വാരിത്തേച്ച് ചാനലുകാരുടെ ഭാഷയിൽ പറഞ്ഞാൽ അതിമനോഹര കലാ സൃഷ്ടികളാക്കി മാറ്റിയിരുന്നു. ചിലരാകട്ടെ പുറത്തിറങ്ങി നടക്കാൻ പറ്റാത്തതിന്റെ ദേഷ്യം മുഴുവൻ ഈ പാഴ്വസ്തുക്കളോട് തീർത്തു എന്നും പറയാം.
പലരും ലോക്ക് ഡൗണിൽ മാസങ്ങളോളം വീട്ടിനുള്ളിൽ കഴിച്ചുകൂട്ടിയതുപോലും കരകൗശല വസ്തുക്കൾ ഉണ്ടാക്കിയും വേറെ ചില കൗശലങ്ങളിലൂടെയുമാണെന്ന കാര്യവും ഓർക്കുമല്ലോ. പോകട്ടെ, വീട്ടിൽ സ്ഥലം മെനക്കെടുത്തുന്ന ഉപയോഗശൂന്യമായ പാഴ് വസ്തുക്കളെ ആകർഷകങ്ങളായ അലങ്കാര വസ്തുക്കളാക്കി മാറ്റുന്നത് ഇന്നു പലരുടെയും ഹോബിയായി മാറിക്കഴിഞ്ഞിരിക്കുന്നു അവർക്ക് വേണ്ട അറിവ് നൽകാൻ നെറ്റും യൂട്യൂബും ആപ്പുകളുമൊക്കെ ആവശ്യംപോലെയുണ്ട് താനും.
കരകൗശല വസ്തുക്കൾ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. ഇന്ന് പ്രകൃതി സ്നേഹവും പരിസ്ഥിതി സൗഹൃദവും ഏറിവരുകയാണല്ലോ. അപ്പോൾ പ്രകൃതി വിഭവങ്ങളിൽ നിന്നുണ്ടാക്കുന്ന കൗതുക വസ്തുക്കൾക്ക് പ്രിയം കൂടി. തഴകൊണ്ട് പായും തടുക്കുകളും കുട്ടയും പൂക്കൂടയുമൊക്കെ ഉണ്ടാക്കും. മുള, ഈറ, ചൂരൽ, കമുകിൻ പാള തുടങ്ങിയവ കൊണ്ട് നിർമ്മിച്ച് കുട്ട, വട്ടി, കൂട, വിശറി, ചൂരൽക്കസേരകൾ എന്നിങ്ങനെ ആകർഷകങ്ങളായ പലതരം വസ്തുക്കൾ ഇപ്പോൾ വിപണിയിൽ വാങ്ങാൻ കിട്ടും. ആദിവാസികളും ഗോത്രവർഗക്കാരും മാത്രമായിരുന്നു ആദ്യ കാലങ്ങളിൽ ഇവയൊക്കെ ചെയ്തിരുന്നതെങ്കിൽ ഇന്ന് നാഗരികതയുടെ മുഖമുദ്രയായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ നിസാരവിലയ്ക്ക് വഴിയോരങ്ങളിൽ നിരത്തി കച്ചവടത്തിനു വച്ചിരുന്ന ഇവയെല്ലാം ഇന്നു വലിയ ഫർണിച്ചർ ഷോറൂമുകളിലും മാളുകളിലും വിലപിടിപ്പുള്ള അപൂർവശേഖരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.
അത്തരത്തിലുള്ള കരകൗശല വസ്തുവിനെ ഓർമ്മിപ്പിക്കുന്ന ഒന്നിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ചെത്തി മിനുക്കി ഭംഗിയായി അടുക്കിവച്ച മുളങ്കീറുകൾ വച്ചുണ്ടാക്കിയ വിശറി പോലെയോ ചിലതരം കർട്ടൻ പോലെയോ തോന്നിക്കുന്ന ഇതും മാക്രോഫോട്ടോയുടെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. വനത്തിനുള്ളിലൂടെ നടക്കുമ്പോൾ കുടപോലെ നന്നായി വിടർന്നു നിന്ന ഒരു ചെറിയ കുമിൾ (കൂൺ) കണ്ടു. അടുത്തുചെന്നു അതിന്റെ അടിഭാഗത്തു നിന്നും മുകളിലേക്ക് എടുത്ത മാക്രോ ഷോട്ടാണ്.