kollam-covid

കൊല്ലം: കൊല്ലം ജില്ലയിൽ ഒരു ഇടവേളയ്‌ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ആൺകുട്ടികളുടെ ജില്ലാ ചിൽഡ്രൻസ് ഹോമിൽ ആറ് കുട്ടികൾക്ക് രോഗബാധയുണ്ട്. ഇവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം നിലമേലിൽ ശവസംസ്കാരത്തിൽ പങ്കെടുത്ത 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 12 പേർ കൊല്ലം ജില്ലക്കാരും ഒരാൾ തിരുവനന്തപുരം ജില്ലക്കാരനുമാണ്.കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ആന്റിജൻ പരിശോധ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തവരോട് സ്വയം നിരീക്ഷണത്തിൽ പോകാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലമേലിൽ ഒരു ക്ലസ്റ്റർ തന്നെ രൂപപ്പെട്ടു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

പഞ്ചായത്ത്‌ അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് അടച്ചു. ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിൽ ഒരു തൊഴിലാളിക്കും കൊവിഡ് സ്ഥിരീകരിച്ചു.വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് രോഗബാധ ഉണ്ടായാൽ ശക്തികുളങ്ങര ഹാർബറിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് നിരീക്ഷണം കർശനമാക്കാനാണ് തീരുമാനം.