ഡ്യുസെൽഡോർഫ് : ഉക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്കിനെ സെമിയിൽ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ചതച്ചരച്ച് ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാൻ യൂറോപ്പ ലീഗ് ഫൈനലിലെത്തി. ഇരട്ടഗോളുകൾ നേടിയ റൊമേലു ലുക്കാക്കുവും ലൗതാരോ മാർട്ടിനെസും ഒരു ഗോളടിച്ച ഡി അംബ്രോസിയയും ചേർന്നാണ് ഇന്ററിന് ഇടിവെട്ട് വിജയമൊരുക്കിയത്. പത്തുവർഷത്തിന് ശേഷമാണ് ഇന്റർ ഒരു യൂറോപ്യൻ ലീഗിന്റെ ഫൈനലിലെത്തുന്നത്.
ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയിരുന്ന ഇന്റർ സെമിയിൽ അതിലും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന അവർ രണ്ടാം പകുതിയിൽ നാലുഗോളുകൾ കൂടി നേടി. 19-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസിലൂടെയാണ് ഇന്റർ സ്കോറിംഗ് തുടങ്ങിയത്.64-ാം മിനിട്ടിൽ ഡാനിലോ ഡി അംബ്രോസിയോ ലീഡുയർത്തി. 74-ാം മിനിട്ടിൽ ലൗതാരോ തന്റെ രണ്ടാം ഗോളും നേടിയപ്പോൾ 78,83 മിനിട്ടുകളിലായി രണ്ടു ഗോളുകൾ നേടി ലുക്കാക്കു പട്ടിക പൂർത്തിയാക്കി.
നാളെ രാത്രി ഇന്ത്യൻ സമയം 12.30 ന് തുടങ്ങുന്ന ഫൈനലിൽ സ്പാനിഷ് ക്ളബ് സെവിയ്യയാണ് ഇന്റർറിന്റെ എതിരാളികൾ.സെമിയിൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് തോൽപ്പിച്ചാണ് സെവിയ്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നത്.
ഗോളുകൾ ഇങ്ങനെ
1-0
19-ാം മിനിട്ട്
ലൗതാരോ മാർട്ടിനെസ്
മത്സരത്തിൽ ലഭിച്ച ആദ്യ ചാൻസ് തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു ഇന്റർ മിലാൻ. ഷാക്തർ ക്യാപ്ടൻ പ്യാറ്റോവിന്റെ ലക്ഷ്യം പിഴച്ച ഒരു ക്ളിയറൻസിൽ നിന്ന് കിട്ടിയ പന്ത് ബറേല്ല ബയർത്തി നൽകിയത് ഹെഡ് ചെയ്ത് ലൗതാരോ വലയിലാക്കുകയായിരുന്നു.
2-0
64-ാം മിനിട്ട്
ഡി അംബ്രോസിയോ
ബ്രോസോവിച്ച് തൊടുത്ത കോർണർ കിക്കിൽ നിന്നാണ് ഡി അംബ്രോസിയോ ഇന്ററിന്റെ രണ്ടാം ഗോൾ നേടിയത്.
3-0
74-ാം മിനിട്ട്
ലൗതാരോ
റൊമേലു ലുക്കാക്കു നൽകിയ പാസിൽ നിന്നായിരുന്നു ലൗതാരോയുടെ രണ്ടാം ഗോൾ.
4-0
78-ാം മിനിട്ട്
റൊമേലു ലുക്കാക്കു
ലൗതാരോയും ലുക്കാക്കുവും തമ്മിലുള്ള കൂട്ടുകെട്ടിൽ നിന്ന് നാലുമിനിട്ടിനുള്ളിൽ നാലാം ഗോളും പിറന്നു.
5-0
83-ാം മിനിട്ട്
റൊമേലു ലുക്കാക്കു
ഡി വ്രീയുടെ പാസുമായി ബോക്സിനുള്ളിലേക്ക് വഴുതിക്കയറിയ ലുക്കാക്കുവിന്റെ തകർപ്പൻ ഗോളോടെ ഇന്റർ പട്ടിക പൂർത്തിയാക്കി.
2010
ലെ ചാമ്പ്യൻസ് ലീഗിന് ശേഷം ആദ്യമായാണ് ഇന്റർ മിലാൻ ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത്. അന്ന് ബയേൺ മ്യൂണിക്കിനെ 2-0ത്തിന് തോൽപ്പിച്ച് ഹൊസെ മൗറീന്യോ പരിശീലിപ്പിച്ച ഇന്റർ കിരീടം നേടുകയും ചെയ്തു.
10
തുടർച്ചയായി പത്ത് യൂറോപ്പ ലീഗ് മത്സരങ്ങളിൽ ഗോളടിച്ച ആദ്യ കളിക്കാരനായി ഇന്ററിന്റെ ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കു റെക്കാഡ് കുറിച്ചു. 2014ൽ എവർട്ടനുവേണ്ടി തുടങ്ങിയ ഗോളടിയുടെ തുടർച്ചയാണിത്.
18
ഗോളുകളിലാണ് കഴിഞ്ഞ പത്ത് യൂറോപ്പ ലീഗ് മത്സരങ്ങളിൽ ലുക്കാക്കു പങ്കാളിയായത്.ഇതിൽ 14 ഗോളുകൾ നേടിയപ്പോൾ നാലെണ്ണത്തിന് വഴിയൊരുക്കി.