covid

വാഷിംഗ്ടൺ: ചെറുപ്പക്കാർക്കിടയിലാണ് കൊവിഡ് വ്യാപനം വർദ്ധിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. 20, 30, 40 വയസുകാരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. എന്നാൽ,​ തങ്ങൾ രോഗബാധിതരാണെന്ന് പലപ്പോഴും ഇവർ മനസിലാക്കുന്നില്ല. രോഗലക്ഷണം വളരെ കുറഞ്ഞ തോതിൽ മാത്രമേ ഇവരിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ​ ഇത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. ലക്ഷണങ്ങൾ അറിയാതെയുള്ള ഈ രോഗവ്യാപനം രോഗ നിയന്ത്രണത്തിന് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേൺ പസഫിക് മേഖല റീജിയണൽ ഡയറക്ടർ തകേഷി കസായി ഇന്നലെ നടന്ന വെർച്വല്‍ മീഡിയ ബ്രീഫിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം,​ ദക്ഷിണാഫ്രിക്കയിൽ ഇന്നലെ മുതൽ ലോക്ക്ഡൗൺ നിയന്ത്രണ ഇളവുകൾ നിലവിൽ വന്നു. ബാറുകളും ഭക്ഷണശാലകളും ജിമ്മുകളും ആരാധനാലയങ്ങളും തുറന്നു.

ന്യൂസിലൻഡിൽ ഇന്നലെ 12 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ ഇന്നലെ മാത്രം 246 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 235 എണ്ണം പ്രദേശിക വ്യാപനം വഴി പകർന്നതാണ്.

ആസ്ട്രേലിയയിൽ രണ്ടാംഘട്ട വ്യാപനം കുറഞ്ഞു.

കൊവിഡ് മീറ്റർ

ലോകത്താകെ മരണം - 7,78,207

രോഗികൾ - 2,20,92,983

രോഗമുക്തർ - 1,48,27,536

രാജ്യം - രോഗികൾ - മരണം

അമേരിക്ക - 56,13,183 - 1,73,772

ബ്രസീൽ - 33,63,235 - 1,08,654

ഇന്ത്യ - 27,19,499 - 52,060

റഷ്യ - 9,32,493 - 15,872