ഇന്നലെ പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയും കൂടി
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ ഒറ്റദിവസം പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയും വർദ്ധിച്ചു. 39,200 രൂപയിൽ നിന്ന് 40,240 രൂപയിലേക്കാണ് പവൻ വില ഉയർന്നത്. 4,900 രൂപയായിരുന്ന ഗ്രാം വില 5,030 രൂപയിലെത്തി. മറ്റു കറൻസികൾക്കെതിരെ ഡോളർ ദുർബലമായതിനെ തുടർന്ന്, രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. കഴിഞ്ഞ 14ന് ഔൺസിന് 1,944.59 ഡോളറായിരുന്ന രാജ്യാന്തര വില, ഇന്നലെ 2,006.45 ഡോളറിലേക്ക് ഉയർന്നു. ആഗസ്‌റ്ര് ഏഴിന് പവൻ കുറിച്ച 42,000 രൂപയാണ് റെക്കാഡ് വില. അന്ന് ഗ്രാമിന് വില 5,250 രൂപയായിരുന്നു.