mask

വാഷിംഗ്ടൺ: കാെവിഡ് വ്യാപനത്തിൽ ഒന്നാമതാണ് അമേരിക്ക.മാസ്ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് നിരവധി വാർത്തകൾ വന്നിട്ടും മാസ്ക് വിരോധികൾ ഒരു വശത്ത് വർദ്ധിച്ചു വരുന്നുണ്ട്. അവരെയൊക്കെ മാസ്ക് ധരിപ്പിക്കാനുള്ള വഴിയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത യു ട്യൂബറായ അലൻ പാൻ. തന്റെ യു ട്യൂബ് വീഡിയോയിലൂടെയാണ് സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിക്കാനുള്ള പുതിയ മെഷീൻ അലൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു തോക്കിന്റെയും ഡ്രോണിന്റെയും സംയുക്ത രൂപത്തിലുള്ള മെഷീനിൽ മാസ്ക് കെട്ടി മുഖത്തേക്ക് വെട‌ിയുതിർക്കുകയാണ് ചെയ്യുക. നാലുവശത്തും ചേർത്തിരിക്കുന്ന ഭാരം കുറഞ്ഞ മാഗ്നറ്റിന്റെ സഹായത്താൽ മാസ്ക് കൃത്യമായി മുഖത്ത് പതിഞ്ഞിരിക്കുകയും ചെയ്യും. പലതവണ വീട്ടിൽ പരീക്ഷിച്ച സംഭവം അലൻ അടുത്തിടെ കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലും പരീക്ഷിച്ച് വിജയിച്ചിരുന്നു. അലന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് പറയുന്ന സെക്യൂരിറ്റി ജീവനക്കാരെയും കടയുടമകളെയുമൊക്കെ ഉപഭോക്താക്കൾ മർദ്ദിക്കുന്ന സംഭവം അമേരിക്കയിൽ വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു ഐഡിയയുമായി അലൻ എത്തിയത്. സംഭവമെന്തായാലും ജോറായിട്ടുണ്ടെന്നാണ് ചിലരുടെ കമന്റ്. ഇത് പ്രായോഗികമാക്കുന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ പുറകേ വരും.