ലിസ്ബൺ : ഇന്ന് നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമിഫൈനലിൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണും ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം രാത്രി 12.30നാണ് ലിസ്ബണിൽ മത്സരത്തിന്റെ കിക്കോഫ്. സോണി സിക്സ് ചാനലിൽ കളി ലൈവായി കാണാം.
ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് ക്ളബ് ബാഴ്സലോണയെ 8-2ന് തകർത്ത് തരിപ്പണമാക്കിയതിന്റെ ആവേശത്തിലാണ് ബയേൺ പടയ്ക്കിറങ്ങുന്നത്. ലിയോണാകട്ടെ അട്ടിമറികളിലൂടെ അപ്രതീക്ഷിതമായി ലഭിച്ച സെമി ബർത്ത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലും. പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്റർ മിലാനെ എവേ ഗോളിന് മറികടന്ന ലിയോൺ ക്വാർട്ടറിൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയെ 3-1നാണ് കീഴടക്കിയത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ബാഴ്സലോണയ്ക്കെതിരെ ബയേൺ നേടിയിരുന്നത്. 2014 ലോകകപ്പിൽ ജർമ്മനിൽ നിന്ന് ബ്രസീലിനേറ്റ പ്രഹരത്തിന് സമാനമായ വേദനയോടെയാണ് മെസിയും കൂട്ടരും ലിസ്ബണിൽ നിന്ന് മടങ്ങിയത്.തുരുതുരാ ഗോളുടകൾ നേടുന്ന ജർമ്മൻ ശൈലിക്ക് മുന്നിൽ ലിയോണിന് ഇന്ന് പടിച്ചുനിൽക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
സീസണിൽ ക്ളബിനായി 50 ഗോളുകൾ നേടിക്കഴിഞ്ഞ പോളിഷ് ഗോൾ മെഷീൻ റോബർട്ട് ലെവാൻഡോവ്സ്കിയുടെ തകർപ്പൻ ഫോമാണ് ബയേണിന്റെ വീര്യം. പ്രായം തളർത്താത്ത പോരാളിയായ തോമസ് മുള്ളറും സെർജി ഗ്നാബ്രിയും ഇവാൻ പെരിസിച്ചും,ജോഷ്വാ കിമ്മിഷും ഫിലിപ്പ് കുടീഞ്ഞോയുമൊക്കെ തകർത്താടുമ്പോൾ പടിച്ചുകെട്ടുക ഏത് പ്രതിരോധത്തിനും ബുദ്ധിമുട്ടാകും. ലോക്ക്ഡൗണിന് ശേഷം തുടർവിജയങ്ങളുമായി ആടിത്തിമിർക്കുന്ന ബയേൺ മ്യൂണിക്ക് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.
അതേ സമയം തങ്ങളെ ഇതുവരെ എത്തിച്ച ഭാഗ്യം ഇനിയും ഒപ്പമുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഒളിമ്പിക് ലിയോൺ. ലോക്ക്ഡൗണിന് മുമ്പ് ആദ്യ പാദ പ്രീക്വാർട്ടറിൽ യുവന്റസിനെ 1-0ത്തിന് തോൽപ്പിക്കാൻ കഴിഞ്ഞതിനാലാണ് രണ്ടാം പാദത്തിൽ 2-1ന് തോറ്റിട്ടും ക്വാർട്ടറിലെത്തിയത്.മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കിട്ടിയ ചാൻസുകൾ കൃത്യമായി ഉപയോഗിച്ചതാണ് വിജയത്തിന് വഴിയൊരുക്കിയത്. ഇരട്ട ഗോളുകൾ നേടിയിരുന്ന മൗസാ ഡെംബെലെയും ഒരു ഗോളടിച്ച മാക്സൽ കോർനെറ്റുമാണ് വിജയമൊരുക്കിയത്. കാൾ ടോക്കോ എകാംബി,മെംഫിസ് ഡെപ്പേയ്,ഹൗസം ഔവാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
ടി വി ലൈവ് : രാത്രി 12.30 മുതൽ സോണി സിക്സിൽ