തിരുവനന്തപുരം: ബെവ്കോ ആപ്പ് വഴി മാത്രം മദ്യം വിതരണം ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ ഓണക്കാലമാകുമ്പോൾ വ്യാജമദ്യം തടയാനും നല്ല മദ്യത്തിന്റെ വിതരണം ഉറപ്പുവരുത്താനും അതീവ ജാഗ്രത വേണമെന്ന് ഇന്റലിജൻസ് വിഭാഗം സർക്കാരിന് മുന്നറിയിപ്പ് നൽകി. മദ്യവിതര സമയം ദീർഘിപ്പിക്കാൻ ആലോചനയുണ്ട്. വ്യാജമദ്യം തടയാൻ എക്സൈസ് പരിശോധന കർശനമാക്കും.
കൊവിഡ് കാലമാണെങ്കിലും ഓണക്കാല പ്രത്യേകപരിശോധനയിൽ യാതൊരു കുറവുമുണ്ടാകില്ലെന്നും അതിർത്തി കടന്ന് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. കാരണം കൊവിഡ് വ്യാപനം രൂക്ഷമായതൊന്നും ലഹരി മാഫിയയ്ക്ക് പ്രശ്നമല്ല, ഈ സമയവും അവർ പരമാവധി ഉപയോഗിക്കുകയാണ്. കൊവിഡ് കാലമായതിനാൽ ഇക്കുറി പരിശോധനയുടെ രൂപവും ഭാവവുമൊക്കെ മാറും.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള പരിശോധനയും അന്വേഷണവുമൊക്കെയാണ് ഇക്കുറി എക്സൈസും പൊലീസും നടത്തുക. പി.പി.ഇ കിറ്റ്, ഫേസ് ഷീൽഡ്, മാസ്ക്, ഗ്ളൗസ്, സാനിറ്റൈസർ തുടങ്ങി ഒരേസമയം കൊവിഡിനെയും ലഹരിയെയും തുരത്താനുള്ള തയ്യാറെടുപ്പുകളോടെയാകും ഇത്തവണ ഓണക്കാല പരിശോധന.
അതിർത്തികളിലും നിരത്തുകളിലും മുൻവർഷങ്ങളിലുണ്ടായിരുന്ന അത്രയും പരിശോധനാ സംഘങ്ങൾ ഇക്കുറിയുമുണ്ടാകും. റവന്യു- പൊലീസ്- എക്സൈസ് സംയുക്ത സംഘത്തിന്റെയും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുൾപ്പെട്ട സംഘത്തിന്റെയും യോജിച്ച പരിശോധനകൾക്ക് കൊവിഡ് തടസമായതിനാൽ ഓരോ വകുപ്പുകളും സ്വന്തം നിലയിലാകും ഇത്തവണ പരിശോധന നടത്തുക. സംസ്ഥാന- ജില്ലാ അതിർത്തികളിൽ എക്സൈസിന് പുറമേ പൊലീസ്, റവന്യു, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ പരിശോധനാസംഘങ്ങളും സജീവമായുണ്ടാകും. സെപ്തംബർ ആദ്യവാരംവരെയാണ് സ്പെഷ്യൽ ഡ്രൈവ്.
കൊവിഡ് പശ്ചാത്തലത്തിൽ താലൂക്ക് തലങ്ങൾ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ഇത്തവണ ഓൺലൈനായിട്ടാകും നടക്കുക. ഓണക്കാലം മുൻനിറുത്തി കൺട്രോൾ റൂമുകളുടെ പ്രവർത്തനം ജില്ലാ തലങ്ങളിലും താലൂക്കുകളിലും തുടങ്ങി. സ്ട്രൈക്കിംഗ് ഫോഴ്സ്, പട്രോളിംഗ് സ്ക്വാഡുകൾ എന്നിവയെയും യഥാവിധം വിന്യസിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ എക്സൈസിന്റെ റേഞ്ച് മുതൽ ഡിവിഷൻ ഓഫീസ് വരെയുള്ള കൺട്രോൾ റൂമുകളിൽ ലഭിക്കുന്ന പരാതികളിലും വിവരങ്ങളിലും മുമ്പത്തേത് പോലെ ചാടിക്കയറിയുള്ള പരിശോധനകളുണ്ടാകില്ല. പരിശോധനകൾക്ക് പുറപ്പെടുംമുമ്പ് ഇന്റലിജൻസ് വിഭാഗമോ ഷാഡോ സംഘങ്ങളോ പരാതിയിൽ പറഞ്ഞ സംഗതി സത്യമാണോയെന്ന് രഹസ്യമായി നിരീക്ഷിക്കും. ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ പി.പി.ഇ കിറ്ര് ധരിച്ചെത്തുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതികളെ പിടികൂടും.
വാഹന പരിശോധനയിലും എല്ലാ പട്രോളിംഗ് വാഹനങ്ങളിലും പി.പി.ഇ കിറ്റ് ധരിച്ച ഒന്നോ രണ്ടോ എക്സൈസ് ഉദ്യോഗസ്ഥരുണ്ടാകും. ചെക്ക് പോസ്റ്റുകളിലും റോഡുകളിലെ വാഹന പരിശോധനയിലും ഇവരാകും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാരോട് അടുത്ത് ഇടപെടുക. വാഹനരേഖകളെല്ലാം ഡിജിറ്റൽ സഹായത്തോടെ പരിശോധിക്കും.
ചരക്ക് വാഹനങ്ങളിലാണ് കള്ളക്കടത്തിനുള്ള സാദ്ധ്യതയെന്നതിനാൽ അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മുഴുവൻ വാഹനങ്ങളും നിരീക്ഷണവിധേയമാക്കും. സംശയം തോന്നുന്ന വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ലോഡിറക്കിയും പരിശോധിക്കും.
ലഹരിയുടെ കുത്തൊഴുക്കുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ അതിർത്തി കടക്കുന്ന ഓരോ വാഹനവും അരിച്ച് പെറുക്കും. ലഹരി മണത്ത് അറിയുന്ന പൊലീസ് നായ്ക്കളുടെ സേവനവും ചെക്ക് പോസ്റ്റുകളിൽ ഉപയോഗപ്പെടുത്തുമെന്നും എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.