തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 489 പേർക്ക്. ഇതിൽ സമ്പർക്കം മൂലം 476 പേർക്കാണ് രോഗം വന്നത്. അതേസമയം 310 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതോടെ ജില്ലയിൽ രോഗം മൂലം ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം 4500 കടക്കുകയാണ്.
ജില്ലയിലെ ഇതുവരെയുള്ള രോഗികളുടെ എണ്ണം 10,000 കടക്കുന്നുവെന്ന് സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 1758 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 1641 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.
ഇവരിൽ 81 പേരുടെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സംസ്ഥാനത്ത് ഇന്ന് ആകെ 1365 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.