death-valley

കാലിഫോർണിയ : കാലിഫോർണിയയിലെ ഡെത്ത് വാലി നാഷണൽ പാർക്ക് പ്രദേശം ഇപ്പോൾ ശരിക്കും പേര് പോലെ തന്നെ മരണത്തിന്റെ താഴ്‌വരയായി മാറിക്കൊണ്ടിരിക്കുകയാണ്. ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനിലയിൽ ഒന്നാണ് ഇപ്പോൾ ഡെത്ത് വാലിയിലെ ഫർണസ് ക്രീക്ക് മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 54.4 ഡിഗ്രി സെൽഷ്യസ് ( 130 ഫാരൻഹീറ്റ് ) ആണ് ഞായറാഴ്ച ഇവിടെ രേഖപ്പെടുത്തിയത്. യു.എസിന്റെ പടിഞ്ഞാറൻ തീരത്ത് ഉഷ്ണതരംഗത്തിനിടെയാണ് ഡെത്ത് വാലിയിലെ താപനില കുത്തനെ കൂടിയിരിക്കുന്നത്. പല ഭാഗങ്ങളിലും കാട്ടുതീയും ഉണ്ടാകുന്നുണ്ട്.

1931ൽ ടുണീഷ്യയിലെ കെബിലിയിൽ 55 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷം എട്ട് ദശാബ്‌ദങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ താപനിലയാണ് ഇപ്പോൾ ഫർണസ് ക്രീക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന താപനിലയും ഡെത്ത് വാലിയിൽ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു നൂറ്റാണ്ട് മുമ്പ് 1913 ജൂലായ് 10ന് 56.6 ഡിഗ്രി സെൽഷ്യസായിരുന്നു ഡെത്ത് വാലിയിൽ റെക്കോർഡ് ചെയ്തത്. 2013ൽ 54 ഡിഗ്രി സെൽഷ്യസായിരുന്നു ഡെത്ത് വാലിയിൽ രേഖപ്പെടുത്തിയത്.