forest-fire

കാലിഫോർണിയ: ആമസോൺ കാടുകളിൽ തീ പടർന്ന് വൻനാശം വിതച്ചതിനു പിന്നാലെയിതാ ലോസാഞ്ചൽസും കാട്ടുതീയിൽ വെന്തുരുകുന്നു. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഇടിമിന്നലിനെ തുർന്നാണ് ലോസാഞ്ചൽസിലെ കാടുകളിൽ തീ പിടിത്തമുണ്ടായത്. ഇതിനു സമീപത്തുള്ള നൂറു കണക്കിനു വീടുകളിലുള്ളവരെ മാറ്റി പാർപ്പിച്ചു. വരണ്ടുണങ്ങിക്കിടന്ന കാടുകളിൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. ശക്തമായ കാറ്റു കൂടി എത്തിയതോടെ സമീപത്തുള്ള കെട്ടിടങ്ങളും അഗ്നിബാധ ഭീഷണിയിലായിട്ടുണ്ട്. അഗ്നി ശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. കനത്ത കാറ്റാണ് ഇവർക്ക് വിഘാതമായി നിൽക്കുന്നത്. തീ പടർന്നു പിടിക്കാതിരിക്കാൻ കുന്നിൻ മുകളിൽ ഫയർലൈൻ സ്ഥാപിച്ചെങ്കിലും സംഹാരതാണ്ഡവമാടുന്ന കാറ്റ് ആ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ലോസാഞ്ചൽസ് കാടുകളിൽ തീ കണ്ടു തുടങ്ങിയത്. എന്നാൽ, ഞായറാഴ്ചയോടെ അത് തീവ്രമാവുകയായിരുന്നു. വായു മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സ്ഥലത്ത് നിലനിൽക്കുന്നതായും റിപ്പോർട്ടുണ്ട്. യു.എസിലെ മറ്റ് സംസ്ഥാനങ്ങളായ അലാസ്ക, അരിസോണ, ഒറിഗോൺ, വാഷിംഗ്ടൺ, കൊളറാഡോ തുടങ്ങിയ പ്രദേശങ്ങളിലും ചെറുതും വലുതുമായ കാട്ടുതീ പടർന്നുപിടിക്കുന്നതായി വാർത്തകളുണ്ട്. കൊവിഡ് വ്യാപനത്തിനിടെയും കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ ഒരു ബില്യൺ ഡോളറിലധികം കാലിഫോർണിയ ചെലവഴിച്ചു കഴിഞ്ഞതായി ഭരണകൂടം പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു.