pic

മുംബയ്: ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നു. കൊവി‌ഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ ഉടൻ മനുഷ്യരിൽ ആരംഭിക്കും. മുംബയിലെ കിംഗ് ജോർജ് മെമ്മോറിയൽ ആശുപത്രിയിലാണ് വാക്സിൻ പരീക്ഷണം നടക്കുന്നത്. 160 ഓളം സന്നദ്ധ പ്രവർത്തകരാണ് പരീക്ഷണത്തിനായി ഇവിടെ തയ്യാറെടുക്കുന്നത്. ഓക്സ്ഫോർഡ് സർവ്വകലാശാലയും അസ്ട്രസെനെക്കും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നത്. യു. കെയ്ക്ക് പുറമെ മനുഷ്യരിൽ കൊവിഡ് വാക്സിൻ പരീക്ഷിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

കൊവിഷീൽഡിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ ആഗസ്റ്റ് അവസാനത്തോടെ മനുഷ്യരിലാരംഭിക്കുമെന്ന് കിംഗ് ജോർജ് മെമ്മോറിയൽ ആശുപത്രി ഡീൻ ഡോ. ഹേമന്ത് ദേശ്മുഖ് മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.കെയിൽ നടന്ന കൊവിഷീൽഡിന്റെ ഒന്നാം ഘട്ട പരീക്ഷണം മനുഷ്യരിൽ വിജയകരമായതിനെ തുടർന്ന് ജൂലായ് ആദ്യവാരം തന്നെ ഇത് ആഗോള ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ രണ്ട്, മൂന്ന് ഘട്ട കൊവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിൽ നടത്താൻ ഐ.സി.എം.ആർ അനുമതി നൽകിയത്. കൊവിഡ് രോഗബാധിതരിലും രോഗമുക്തി നേടിയവരിലും വാക്സിൻ പരീക്ഷം നടത്തില്ല. രാജ്യത്തെ പത്ത് കേന്ദ്രങ്ങളിലായി 1600 ഓളം പേരിലാണ് വാക്സിൻ പരീക്ഷണം നടക്കുന്നത്.