ന്യൂഡൽഹി: രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസ് പാർട്ടിയിൽ കഴിവുള്ള നേതാക്കൾക്ക് നേരേ ചോദ്യങ്ങൾ ഉയരുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവ് കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു.
"കഴിവുള്ള നേതാക്കൾക്കെതിരെ ചോദ്യങ്ങൾ ഉയരുന്നത് വേദനാജനകമാണ്. എന്റെ സുഹൃത്തും മുൻ സഹപ്രവർത്തകനുമായിരുന്ന നേതാവിന് ഇതുപോലൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്" അദ്ദേഹം പറഞ്ഞു.
'സച്ചിൻ എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന വേദനകളെപ്പറ്റി എല്ലാവർക്കും അറിയാവുന്നതാണ്.' വൈകിയ അവസരത്തിലാണ് കോൺഗ്രസ് പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങിയതെന്നും അത് എങ്ങനെയായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിലേറേ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള തർക്കം അവസാനിച്ചത്. ആഗസ്റ്റ് ആദ്യമാണ് സച്ചിൻ ഉൾപ്പടെയുള്ള 19 എം.എൽ.എമാർ കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. നിലവിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൈലറ്റ് മുന്നോട്ടുവച്ച ആവശ്യങ്ങൾ വിലയിരുത്താൻ മൂന്നംഗ സമിതിയേയും കോൺഗ്രസ് നിയോഗിച്ചിട്ടുണ്ട്.