വെള്ളരിക്കുണ്ട് (കാസര്‍കോട്): ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ വീട്ടില്‍ ആന്‍മേരിയെ (16) ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്റെ കുറ്റകൃത്യത്തിന് സമീപകാലത്ത് കേരളത്തില്‍ നടന്ന പ്രമാദമായ കൂട്ടക്കൊലപാതക കേസുകളോട് സാമ്യം. കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല എന്നിവരെയും സ്വന്തം മകള്‍ ഐശ്വര്യയേയും എലിവിഷം കൊടുത്തുകൊന്ന സൗമ്യയുടെ ക്രൂര കൃത്യവും കൂടത്തായിയില്‍ സയനൈഡ് നല്‍കി ബന്ധുക്കളെ കൂട്ടക്കൊല ചെയ്ത ജോളിയുടെ ക്രൂരതയും ആല്‍ബിന് പ്രചോദനമായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കുറ്റന്വേഷണ നോവലുകള്‍ വായിക്കുന്നതും ക്രിമിനല്‍ ദൃശ്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു കാണുന്നതും പതിവാക്കിയ യുവാവ് കേരളത്തെ നടുക്കിയ ഈ കൊലപാതക പരമ്പരകളുടെ നാള്‍വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകണം. കുടുംബത്തെ കൂട്ടക്കൊല ചെയ്യുന്ന രീതികള്‍ പരീക്ഷിക്കാന്‍ ഉദ്ദേശിച്ചത് ഈ മാതൃകകള്‍ നോക്കിയാകണം. മാസങ്ങള്‍ നീണ്ട പരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷമാണ് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ പ്രതി തുനിഞ്ഞിറങ്ങിയത്.
കോഴിക്കറിയില്‍ എലിവിഷം ചേര്‍ത്ത് വീട്ടുകാര്‍ക്ക് നല്‍കി ആല്‍ബിന്‍ ആദ്യ പരീക്ഷണം നടത്തി. അതിന് ഉപയോഗിച്ചത് വീട്ടിലുണ്ടായിരുന്ന എലിവിഷം ആണ്. എന്നാല്‍, അതിന് വീര്യം കുറവായിരുന്നു. ആദ്യ പരീക്ഷണം പാളിയപ്പോഴാണ് വീര്യം കൂടിയ പുതിയ എലിവിഷം കടയില്‍ നിന്നും വാങ്ങി ഐസ്‌ക്രീമില്‍ കലര്‍ത്തി വീണ്ടും എല്ലാവര്‍ക്കും നല്‍കിയത്. റാറ്റോള്‍ എന്ന എലിവിഷം സഹോദരിയുടെ ജീവന്‍ എടുത്തു. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും അച്ഛന്റെ കരളും അന്തരാവയവങ്ങളേയും അത് ബാധിച്ചു. അമ്മ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. സ്വന്തം മകനാണ് ഈ കടുംകൈ ചെയ്തതെന്ന് ദിവസങ്ങള്‍ക്കു ശേഷം അറിഞ്ഞപ്പോള്‍ ആശുപത്രി കിടക്കയില്‍ വാവിട്ടു നിലവിളിക്കുന്ന അച്ഛന്‍ ബെന്നിയുടെ കാഴ്ച ആരുടെയും ഹൃദയം നൊമ്പരപ്പെടുത്തും.
തോട്ടത്തില്‍ പണിക്ക് വരാതെ മൊബൈലില്‍ കളിക്കുന്ന ആല്‍ബിനെ നിരന്തരം വഴക്ക് പറയുമെങ്കിലും മകനോട് വലിയ സ്‌നേഹം ആയിരുന്നു അച്ഛന്‍ ബെന്നിക്ക്. ആ മകന്‍ ഇങ്ങനെയൊക്കെ ചെയ്തു എന്ന് പറയുന്നത് ഓര്‍ക്കാന്‍ കൂടി വയ്യായിരുന്നു ആ അച്ഛന്. 'നാട്ടുകാര്‍ അതുമിതും പറഞ്ഞോട്ടെ അമ്മ എന്നെ അവിശ്വസിക്കരുത്.. ' എന്നാണ് അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടില്‍ എത്തുന്നതിന് രണ്ടു ദിവസം മുമ്പ് ആല്‍ബിന്‍ അമ്മ ബെസിയോട് പറഞ്ഞിരുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് എലിവിഷം കലര്‍ത്തി സഹോദരിയെ കൊന്നത് ആല്‍ബിന്‍ ആണെന്ന് നാട്ടില്‍ പാട്ടായിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ആണ് അമ്മയുടെ അടുത്ത് നിരപരാധി അഭിനയിച്ചത്.
കാമുകിയെ സ്വന്തമാക്കാന്‍
അച്ഛനെയും അമ്മയേയും സഹോദരിയെയും ഇല്ലാതാക്കി വിവാഹിതനായി ഭാര്യയുമൊത്ത് ആഡംബര ജീവിതം നയിക്കുന്നത് സ്വപ്നം കണ്ടാണ് പ്രതി ഈ കടുംകൈക്ക് മുതിര്‍ന്നതെങ്കിലും ലക്ഷ്യം പാളിപോയി. താന്‍ കലക്കിയ എലിവിഷം സഹോദരിയുടെ ജീവനെടുത്തപ്പോള്‍ അമ്മയും അച്ഛനും ബാക്കിയായതാണ് ആല്‍ബിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ 20 കാരിയുമായുള്ള പ്രണയം ഇടയ്ക്ക് വച്ച് പൊട്ടിപോയതില്‍ സ്വന്തം വീട്ടുകാരോട് ആല്‍ബിന് കടുത്ത ദേഷ്യമുണ്ടായിരുന്നു.
നാട്ടില്‍ അന്വേഷിച്ചപ്പോള്‍ യുവാവിന്റെ ലൈംഗിക വൈകൃതവും സ്വഭാവ ദൂഷ്യവും ജോലിക്കൊന്നും പോകാത്ത കാര്യവും അറിഞ്ഞ കാമുകിയും വീട്ടുകാരും ആല്‍ബിനെ ഉപേക്ഷിച്ചുവെങ്കിലും ആല്‍ബിന്‍ കാമുകിയെ വിടാന്‍ ഒരുക്കമല്ലായിരുന്നു. വിടാതെ പിന്തുടര്‍ന്ന യുവാവ് കാമുകിയെ സ്വന്തമാക്കാന്‍ എന്ത് തടസമുണ്ടായാലും അതൊക്കെ നീക്കാന്‍ തീരുമാനിച്ചു. 'നിന്റെ കൂടെ പെണ്ണിനെ അയക്കാന്‍ കഴിയില്ലെന്ന്' കാമുകിയുടെ വീട്ടുകാര്‍ പറഞ്ഞതാണ് ആല്‍ബിന് ഷോക്കായത്. തുടര്‍ന്ന് വീട്ടുകാരെ ഒന്നാകെ ഇല്ലാതാക്കി 'നല്ലപിള്ള' ചമഞ്ഞ് കാമുകിയെ സ്വന്തമാക്കാനായിരുന്നു ഇയാളുടെ ഉദ്ദേശ്യം.