benny-behanan

വടക്കാഞ്ചേരി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമ്മാണം പിണറായി വിജയൻ നടത്തിയ രണ്ടാം ലാവ്‌ലിൽ അഴിമതിയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ. വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പിൽ ഭൂരഹിതർക്കായി നിർമ്മിക്കുന്ന വിവാദ കെട്ടിടം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്റെയും എ.സി. മൊയ്തീന്റെയും കുറ്റകരമായ ഇടപാടുകൾ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിഴലിച്ചു നില്കുന്നുണ്ട്. മൊയ്തീൻ മന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും സത്യം പുറത്തു കൊണ്ടുവരുന്നതുവരെ യു.ഡി.എഫ് പ്രത്യക്ഷ സമരവുമായി രംഗത്തുണ്ടാകുമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

ആരോപണം രാഷ്ട്രീയപ്രേരിതം: എ.സി. മൊയ്തീൻ

വടക്കാഞ്ചേരി: യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സ്വപ്ന സുരേഷിന്റെ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഏജൻസികൾ അന്വേഷിച്ചു വരികയാണ്. യു.ഡി.എഫിന്റെ കൈവശം കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് കൈമാറുകയാണ് വേണ്ടത്. തെളിവുകൾ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയക്കളികളാണ് ഇപ്പോൾ നടക്കുന്നത്. ജനം ഇതെല്ലാം തിരിച്ചറിയും.