ഇസ്‌ലാമാബാദ് : പാകിസ്ഥാനിൽ ചൈനീസ് കമ്പനിയുടെ കൊവിഡ് 19 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാൻസിനോ ബയോളജിക്സും ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജിയും സംയുക്തമായി നിർമിക്കുന്ന വാക്സിന്റെ മനുഷ്യരിലുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഒഫ് പാകിസ്ഥാൻ അനുമതി നൽകിയതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനിൽ ഇതാദ്യമായാണ് ഒരു വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടക്കാൻ പോകുന്നത്. എ.ജെ.എം ഫാർമയാണ് പാകിസ്ഥാനിൽ കാൻസിനോ വാക്സിന്റെ ക്ലിനിക്കൽ ട്രയലുമായി സഹകരിക്കുന്നതിന് കരാറിലേർപ്പെട്ടിരിക്കുന്നത്. കറാച്ചിയിലെ ഇൻഡസ് ആശുപത്രിയിലാണ് ട്രയൽ നടക്കുകയെന്നാണ് സൂചന. 200 ലേറെ വോളന്റിയർമാർ വാക്സിൻ പരീക്ഷണത്തിന് സന്നദ്ധതയറിച്ച് എത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
56 ദിവസം കൊണ്ട് മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകും. വാക്സിന്റെ മൂന്ന് ഡോസുകളാണ് വോളന്റിയർമാർക്ക് നൽകുക. പരീക്ഷണം വിജയകരമായാൽ രാജ്യത്തെ എല്ലാവർക്കും താങ്ങാൻ കഴിയുന്ന നിരക്കിൽ വാക്സിൻ ലഭ്യമാക്കുമെന്ന് പാക് ആരോഗ്യമന്ത്രാലയം പറയുന്നു. അടുത്ത ആഴ്ചയോടെ ട്രയൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ 289,832 പേർക്കാണ് പാകിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,190 പേർ ഇതുവരെ മരിച്ചു.