ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ ആഗോള തലത്തിൽ വിമാന സർവീസുകൾ കുറഞ്ഞ സാഹചര്യത്തിൽ അഞ്ച് അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് 'എയർ ബബിളുകൾ' നടപ്പിലാക്കാനായി തീരുമാനമെടുത്തത് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഈ വിവരം ട്വിറ്റർ വഴി അറിയിച്ചത്.
ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും സജീവമാക്കാൻ ഇന്ത്യ എയർ ബബിളുകൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിമാന സർവീസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തികമാക്കാൻ രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കുന്ന ഉടമ്പടികൾക്കാണ് 'എയർ ബബിൾ' എന്ന് പറയുന്നത്.
അധികം താമസിയാതെ തന്നെ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായും ഇന്ത്യ എയർ ബബിളുകൾ നടപ്പിൽ വരുത്തുമെന്നും കേന്ദ്രമന്ത്രി തന്റെ ട്വീറ്റ് വഴി വ്യക്തമാക്കി. നിലവിൽ പ്രധാനമായും 'വന്ദേ ഭാരത് മിഷന്റെ' ഭാഗമായാണ് ഇന്ത്യ വിമാന സർവീസുകൾ നടത്തുന്നത്.
വന്ദേ ഭാരത് മിഷന്റെ വ്യാപ്തി വർദ്ധിപ്പിക്കാനും കൂടുതൽ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ എത്തിക്കാനും വേണ്ടി കേന്ദ്രം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. കൗതുകകരമായ വസ്തുത, ഈ ഇന്ത്യയുമായുള്ള 'എയർ ബബിൾ' ഉടമ്പടിയിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാന്റെ പേരില്ല എന്നതാണ്.