ന്യൂഡൽഹി: ലഡാക്ക് അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെ പാകിസ്ഥാന്റെ പടിഞ്ഞാറെ അതിർത്തിയിൽ എൽ.സി.എ തേജസ് യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യൻ വ്യോമസേന. ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ വൃത്തങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ യുദ്ധവിമാനമാണ് എൽ.സി.എ തേജസ്. 83 മാർക്ക് 1 എ എൽ.സി.എ യുദ്ധവിമാനങ്ങൾക്കുളള കരാർ ഉടൻ അന്തിമമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
40000 കോടി രൂപയാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. രാജ്യത്ത് തന്നെ നിർമിക്കുന്ന ഉപകരണങ്ങളിൽ ഏറ്റവും ചിലവേറിയ ഇടപാടായിരിക്കും ഇത്. എന്നാൽ ഇന്ത്യൻ വ്യോമസേന നിർദേശിച്ചിരുന്ന സവിശേഷതകൾ ഈ വിമാനങ്ങൾക്കില്ലെന്ന് ചൂണ്ടിക്കാട്ടി നിർമാണ ഏജൻസികൾക്കെതിരെ വ്യോമസേന നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ വിഷയത്തിൽ ഇടപെട്ട് പരിഹരിക്കുകയായിരുന്നു. തുടർന്ന് 83 അധിക വിമാനങ്ങൾക്ക് പ്രതിരോധ മന്ത്രാലയം ക്ലിയറൻസ് നൽകി. അതിർത്തിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്തു ചെെനീസ് പാക് അതിർത്തികളിൽ ഇന്ത്യൻ വ്യോമസേന നിലയുറപ്പിച്ചിട്ടുണ്ട്.