
മുംബയ് : അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് വാങ്കഡെ സ്റ്റേഡിയത്തിലെ ഗാലറിയിൽ സഥിരമായൊരു കസേര നൽകാൻ മുംബയ് ക്രിക്കറ്റ് അസോസിയേഷൻ ആലോചിക്കുന്നു. 2011ലെ ലോകകപ്പ് ഫൈനലിൽ നുവാൻ കുലശേഖരയ്ക്കെതിരെ ഹെലികോപ്ടർ ഷോട്ടിലൂടെ ധോണി നേടിയ വിജയസിക്സ് വന്നു പതിച്ച സ്ഥലത്തെ കസേര ഒരു സ്മാരകമായി നില നിറുത്താനുള്ള ആശയമാണ് അസോസിയേഷന്റെ സജീവ പരിഗണനയിലുള്ളത്.
ഇന്ത്യൻ ക്രിക്കറ്റിൽ ഇത്തരം ആശയങ്ങൾ പതിവില്ലെങ്കിലും ആസ്ട്രേലിയയിലും ന്യൂസിലൻഡിലും ഈ രീതിയിൽ കളിക്കാരെ ആദരിക്കാറുണ്ട്. 2015 ലോകകപ്പ് സെമിയിൽ ഒാക്‌ലാൻഡിലെ ഏദൻ പാർക്ക് സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെ വിജയിപ്പിക്കാൻ ഗ്രാൻഡ് എലിയറ്റ് പറത്തിയ സിക്സ് വന്നുപതിച്ച സ്ഥലത്തെ കസേര അദ്ദേഹത്തിന്റെ സ്മാരകമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിൽ സാധാരണ ഗതിയിൽ സ്റ്റേഡിയത്തിലെ സ്റ്റാൻഡുകൾക്ക് കളിക്കാരുടെ പേര് നൽകാറാണ് പതിവ്. ഗാലറിയിൽ കളിക്കാരുടെ പേരിൽ പവിലിയനുകളും സജ്ജമാക്കാറുണ്ട്. കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ സച്ചിൻ പവിലിയൻ സ്ഥാപിച്ചിരുന്നു.