19-sob-kunjujamma

തിരുവല്ല: കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മ കുത്തേറ്റ് മരിച്ച സംഭവത്തിൽ പിടിയിലായ മരുമകളെ തിരുവല്ല കോടതി റിമാൻഡ് ചെയ്തു. നിരണം കൊമ്പങ്കേരി 12-ാം വാർഡിൽ പ്ലാംപറമ്പിൽ വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (66)യാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മരുമകൾ ലിൻസി (26)യെ അറസ്റ്റുചെയ്തിരുന്നു. പൊലീസ് പറയുന്നത്- രാത്രി എട്ടുമണിയോടെ ലിൻസി ഭർത്താവുമായി വഴക്കുണ്ടായി. തുടർന്ന് കുഞ്ഞൂഞ്ഞമ്മയുമായും വഴക്കുണ്ടായി. ഇതിനിടെ തയ്യലിന് ഉപയോഗിക്കുന്ന കത്രികകൊണ്ട് ലിൻസി കുഞ്ഞൂഞ്ഞമ്മയുടെ പുറത്ത് കുത്തി. പിടിച്ചുമാറ്റാൻ ശ്രമിച്ച ബിജിയുടെ ഇടതുകൈയിലും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞൂഞ്ഞമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് കുഞ്ഞൂഞ്ഞമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ലിൻസിയെ പത്തനംതിട്ടയിലെ വനിതാ സെല്ലിലേക്കും മാറ്റി.

19-lincy

രണ്ടുവർഷം മുമ്പാണ് ബിജിയും ലിൻസിയും വിവാഹിതരായത്. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ ഇന്നലെ സംഭവസ്ഥലം പരിശോധിച്ചു. ലിൻസിക്ക് മാനസികരോഗം ഉണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. കുഞ്ഞൂഞ്ഞമ്മയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.